BREAKING NEWS

വയനാട്ടിൽ തമിഴ്നാട് സ്വദേശികളിൽ നിന്നും എംഡിഎംഎ പിടിച്ച കേസ്: മയക്കുമരുന്ന് എത്തിച്ചത് ഡോക്ടർക്കായി; കോഴിക്കോട് സ്വകാര്യ സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയിലെ ഡോക്ടർ അറസ്റ്റിൽ; എമർജൻസി ക്രിട്ടിക്കൽ കെയർ വിഭാഗം മേധാവിയാണ് പിടിയിലായിരിക്കുന്നത്

· · 1 min read
Share: Copied!

വയനാട്: ലക്കിടിയിൽ രണ്ട് തമിഴ്നാട് സ്വദേശികളിൽനിന്ന് എംഡിഎംഎ പിടികൂടിയ സംഭവത്തിൽ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ അറസ്റ്റിൽ. മലപ്പുറം മൊറയൂർ സ്വദേശി ഡോ. കെ.എൻ. മുഹമ്മദ് ഫാബിൻ (41) ആണ് പിടിയിലായത്. കോഴിക്കോട്ടെ സ്വകാര്യ സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയിൽ എമർജൻസി ക്രിട്ടിക്കൽ കെയർ വിഭാഗം മേധാവിയാണ് ഇയാൾ. ഡോക്ടർ സ്ഥിരമായി എംഡിഎംഎ ഉപയോഗിക്കാറുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

8.52 ഗ്രാം എംഡിഎംഎയുമായി കഴിഞ്ഞ മാസം 22ന് പന്തല്ലൂർ എരുമാട് കല്ലെങ്കൽ കെ.ഇ. നൗഫൽ (50), ഗൂഡല്ലൂർ രാജഗോപാലപുരം കെ.എം. മുഹമ്മദ് നഫീസ് (37) എന്നിവരെ വൈത്തിരി പൊലീസ് പിടികൂടിയിരുന്നു. ലക്കിടിയിൽ നടത്തിയ വാഹനപരിശോധനയ്ക്കിടെയാണ് ഇരുവരും പിടിയിലായത്. മയക്കുമരുന്ന് ഉപയോഗിക്കുന്നതിനിടെയായിരുന്നു പൊലീസ് പരിശോധന നടത്തിയത്.

ഇരുവരെയും വിശദമായി ചോദ്യം ചെയ്തതോടെയാണ് മയക്കുമരുന്ന് ഡോക്ടർ മുഹമ്മദ് ഫാബിന് വേണ്ടിയാണ് കൊണ്ടുവന്നതെന്നും ഇയാളോടൊപ്പം സ്ഥിരമായി ലഹരി ഉപയോഗിക്കാറുണ്ടെന്നും മൊഴി ലഭിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഡോക്ടറും ഒന്നാം പ്രതി നൗഫലും തമ്മിലുള്ള ഫോൺ സംഭാഷണങ്ങൾ, വാട്സാപ് ചാറ്റുകൾ, പണമിടപാട് വിവരങ്ങൾ എന്നിവ പൊലീസ് കണ്ടെത്തി.

പ്രതികളിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ബാങ്ക് ഇടപാടുകളും ഫോൺ സംഭാഷണങ്ങളും വിശദമായി പരിശോധിച്ച ശേഷമാണ് ഡോക്ടറെ അറസ്റ്റ് ചെയ്തത്. മലപ്പുറം മൊറയൂർ സ്വദേശിയായ ഫാബിൻ നിലവിൽ കോഴിക്കോട് മുക്കത്താണ് താമസം.

നർക്കോട്ടിക് സെൽ ആൻഡ് ജെൻഡർ ജസ്റ്റിസ് ഡിവൈ.എസ്.പി മനോഹരൻ തച്ചമ്പത്തിന്റെ നേതൃത്വത്തിലുള്ള ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും വൈത്തിരി സർക്കിൾ ഇൻസ്പെക്ടർ പി.ജി. രാംജിത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും നടത്തിയ അന്വേഷണത്തിലാണ് ഡോക്ടറെക്കുറിച്ചുള്ള സൂചന ലഭിച്ചത്. കഴിഞ്ഞ ദിവസം കോഴിക്കോട് മണാശ്ശേരിയിലെ വാടകവീടിന് സമീപത്തുനിന്നാണ് വൈത്തിരി പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി കൽപ്പറ്റ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തതോടെ പ്രതിയെ വൈത്തിരി സബ് ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ പാർപ്പിച്ചിരിക്കുകയാണ്.

ആര്യ രാജേന്ദ്രൻ തിരുവനന്തപുരത്തുനിന്നും മാറുന്നു, കോഴിക്കോട് വീടെടുത്തു; പ്രവർത്തന മണ്ഡലം മാറ്റാൻ പാർട്ടിക്ക് കത്ത് നല്കി