മലപ്പുറം: കോൺഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെട്ടതുകൊണ്ടാണ് ഡൽഹിയിൽ ഇന്ത്യ മുന്നണി സംഘടിപ്പിച്ച പ്രതിഷേധ സമരങ്ങളുടെ മുൻപന്തിയിൽനിന്ന് മുസ്‌ലിംലീഗിനെ തഴഞ്ഞതെന്ന് മുൻ മന്ത്രി കെ.ടി. ജലീൽ. ആവശ്യമില്ലാത്ത കാര്യങ്ങളിൽ ഇടപെട്ട് ലീഗ് വാങ്ങിയ എട്ടിന്റെ പണി എല്ലാവർക്കും പാഠമാണ്. അയൽക്കാരന്റെ സ്വത്ത് തർക്കത്തിൽ തലയിട്ടാൽ പണി ഡൽഹിയിൽ കിട്ടും. ലീഗിന്റെ നിയമസഭാ പാർട്ടി ലീഡർ കുഞ്ഞാലിക്കുട്ടിയാവരുത്, പി.കെ. ബഷീർ ആവണമെന്ന് കോൺഗ്രസ് പറഞ്ഞാൽ എന്തായിരിക്കും ലീഗിന്റെ പ്രതികരണമെന്നും ജലീൽ ചോദിച്ചു.
കോൺഗ്രസിലെ മുഖ്യമന്ത്രിത്തർക്കവുമായി ബന്ധപ്പെട്ട വിവാദസമയത്ത് കെ.സി. വേണുഗോപാലിനെ തഴഞ്ഞ്, വി.ഡി. സതീശനൊപ്പം നിന്ന ലീഗിന്റെ നിലപാട് സൂചിപ്പിച്ചാണ് ജലീലിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്. ലീഗിന്റെ ആത്മാർഥതയിൽ കോൺഗ്രസിന് കടുത്ത സംശയമുണ്ടെന്നും ജലീൽ ആരോപിച്ചു. ബി.ജെ.പി.ക്കെതിരായ സമരങ്ങളോട് ലീഗിന് താത്പര്യമില്ല. ലീഗ് ഇന്ത്യ സഖ്യത്തിലുണ്ടെന്ന് പറയുന്നത് ഉത്തരേന്ത്യയിൽ കോൺഗ്രസിന് വലിയ മനോവിഷമമുണ്ടാക്കുന്ന കാര്യമാണ്.
ബി.ജെ.പി.യോടുള്ള ലീഗിന്റെ ഈ നിലപാട് മനസ്സിലാക്കിയതുകൊണ്ടാണ് ഡൽഹിയിലെ സമരത്തിൽ കോൺഗ്രസ് അവരെ പ്രസംഗിക്കാൻപോലും അനുവദിക്കാതിരുന്നതെന്നും ജലീൽ പറഞ്ഞു. ലോക്‌സഭയിൽ മോദിക്കോ അമിത്ഷായ്‌ക്കോ എതിരേ ശക്തമായ വിമർശനമുയർത്താൻപോലും ലീഗ് എം.പി.മാർക്ക് കഴിയുന്നില്ല. ലീഗ് നേതാക്കൾ ഇ.ഡി.യെ പേടിക്കുകയാണ്. മോദിയും അമിത്ഷായും ലീഗിനെ വരിഞ്ഞുമുറുക്കിയിട്ടുണ്ടെന്നുള്ള ചർച്ചകളും സജീവമാണ്. ലീഗിനെ കേരളത്തിൽ വേണമെങ്കിലും, സംസ്ഥാനത്തിനു പുറത്ത് ലീഗുമായി ഒരു രാഷ്ട്രീയസഖ്യത്തിന് കോൺഗ്രസ് തയ്യാറായിട്ടില്ലെന്നും ജലീൽ പറഞ്ഞു. അതേസമയം, ഡൽഹിയിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരേ ഇന്ത്യ മുന്നണി നടത്തുന്ന പ്രതിഷേധ പരിപാടികളിൽനിന്നും രാംലീല മൈതാനിയിലെ സമരത്തിൽനിന്നും ലീഗിനെ തഴയുന്നത് അണികൾക്കിടയിലും വലിയ അസ്വസ്ഥതയ്ക്കും അമർഷത്തിനും കാരണമാവുന്നുണ്ട്. ഇന്ത്യ മുന്നണിയുടെ യുവജന-വിദ്യാർഥി സംഘടനകളുടെ യോഗങ്ങളിലേക്ക് യൂത്ത് ലീഗിനെയോ എം.എസ്.എഫിനെയോ ക്ഷണിക്കുന്നില്ലെന്ന പരാതിയും ശക്തമാണ്.