ബെംഗളൂരു: ബെംഗളൂരു ഇന്ദിരാനഗറിൽ കടയ്ക്കുള്ളിൽ യുവതിയെ കത്തിമുനയിൽ നിർത്തി കവർച്ചാശ്രമം. യുവതിയുടെ കൈകളിൽ ഫെവിക്വിക്ക് ഒഴിക്കുകയും കാലുകൾ തുണികൊണ്ട് ബന്ധിക്കുകയും ചെയ്തായിരുന്നു ആക്രമണം. നാട്ടുകാർ ഇടപെട്ടതോടെ യുവതിയുടെ കഴുത്തിൽ കത്തിവെച്ച് ഭീഷണിപ്പെടുത്തിയ അക്രമിയെ പിന്നീട് നാട്ടുകാർ പിടികൂടി പോലീസിന് കൈമാറി.
ഇടപാടുകാരനെന്ന വ്യാജേനയാണ് അക്രമി ഇന്ദിരാനഗറിലെ കടയിലെത്തിയത്. ഇയാൾ എത്തിയ സമയത്ത് യുവതി മാത്രമായിരുന്നു കടയിലുണ്ടായിരുന്നത്. യുവതിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ കടയുടമ സിസിടിവിയിലൂടെ തത്സമയം കാണുന്നുണ്ടായിരുന്നു. ഉടൻതന്നെ തൊട്ടടുത്ത കടയിലെ ഉടമയെ വിവരമറിയിച്ചു.
യുവതിയെ രക്ഷിക്കാനായി അടുത്ത കടയുടമ എത്തിയപ്പോൾ അക്രമി അവരെ മേശയ്ക്കടിയിൽ ഒളിപ്പിച്ചു നിർത്തി. തുടർന്ന് യുവതിയുടെ കഴുത്തിൽ കത്തിവെച്ച് ഭീഷണിപ്പെടുത്തി പുറത്തേക്കിറങ്ങി. ഓട്ടോയിൽ കയറി രക്ഷപ്പെടാനായിരുന്നു ശ്രമം. ഇതിനിടെ ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരിലൊരാൾ പിന്നിലൂടെ അക്രമിയെ കീഴ്പ്പെടുത്തി.
പിന്നീട് നാട്ടുകാർ ഇയാളെ മർദിച്ചു. യുവതിക്ക് മറ്റ് പരിക്കുകളൊന്നുമില്ലെന്നാണ് വിവരം. സംഭവത്തിൽ പോലീസ് കേസെടുത്ത് അക്രമിയെ അറസ്റ്റ് ചെയ്തു.