ഒക്ലഹോമ: 11 വയസുകാരിയായ മകളെ ലൈംഗിക പീഡനത്തിൽനിന്ന് സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടതിനും, ഭർത്താവിൽനിന്ന് ഗർഭിണിയായ കുട്ടിയെ വൈദ്യസഹായമില്ലാതെ വീട്ടിൽ പ്രസവിക്കാൻ അനുവദിച്ചതിനും അമേരിക്കയിലെ ഒക്ലഹോമയിൽ അമ്മയ്ക്ക് തുടർച്ചയായി ഏഴ് ജീവപര്യന്തം തടവ് ശിക്ഷ. മസ്കോഗി കൗണ്ടി സ്വദേശിനിയായ ചെറി വാക്കറിനാണ് (34) കോടതി ശിക്ഷ വിധിച്ചത്. ഒക്ടോബർ 30നാണ് മസ്കോഗി കൗണ്ടി കോടതി വിധി പ്രസ്താവിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
2025 ഓഗസ്റ്റ് 16നാണ് കേസിനാസ്പദമായ സംഭവം പുറത്തറിയുന്നത്. ചെറി വാക്കറിന്റെ 11 വയസുകാരിയായ മകൾ കുടുംബവീട്ടിൽവെച്ച് പ്രസവിക്കുകയായിരുന്നു. ഗർഭകാലത്ത് കുട്ടിക്ക് ആവശ്യമായ പരിശോധനകളോ, ചികിത്സയോ ലഭിച്ചിരുന്നില്ല. പ്രസവസമയത്തും വൈദ്യസഹായം ഉണ്ടായിരുന്നില്ല. പ്രസവശേഷം കുട്ടിയെ ആശുപത്രിയിലെത്തിച്ചപ്പോഴാണ് സംഭവം ആരോഗ്യപ്രവർത്തകരുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് അധികൃതർ അന്വേഷണം ആരംഭിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് 2025 ഓഗസ്റ്റിൽ ചെറി വാക്കറിനെതിരെ കുട്ടിക്കെതിരായ ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട ഒരു കുറ്റവും കുട്ടിയുടെ സംരക്ഷണത്തിൽ വീഴ്ച വരുത്തിയതിന് ആറ് കുറ്റങ്ങളും ചുമത്തി. ആകെ ഏഴ് ഗുരുതരമായ കുറ്റങ്ങളാണ് ഇവർക്കെതിരെ ഉണ്ടായിരുന്നത്. കുട്ടിയുടെ രണ്ടാനച്ഛനും ചെറി വാക്കറിന്റെ ഭർത്താവുമായ ഡസ്റ്റിൻ വാക്കറാണ് കുഞ്ഞിന്റെ പിതാവെന്ന് ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിച്ചതായി പ്രോസിക്യൂഷൻ അറിയിച്ചു. കുട്ടിയുടെ പ്രായവും സാഹചര്യങ്ങളും കണക്കിലെടുക്കുമ്പോൾ സംഭവം അതീവ ഗുരുതരമായ ലൈംഗിക പീഡനക്കേസാണെന്ന് അധികൃതർ വ്യക്തമാക്കി.
സംഭവം പുറത്തുവന്ന സമയത്ത് ചെറി വാക്കറും ഭർത്താവ് ഡസ്റ്റിൻ വാക്കറും കുട്ടി ഗർഭിണിയായിരുന്ന കാര്യം അറിയില്ലായിരുന്നുവെന്നാണ് അവകാശപ്പെട്ടത്. എന്നാൽ, കുട്ടിയുടെ ഗർഭധാരണവും പ്രസവവും സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നതോടെ കുടുംബത്തിലെ മുതിർന്നവരുടെ ഉത്തരവാദിത്വവും കുട്ടിക്ക് ആവശ്യമായ സംരക്ഷണം ലഭിച്ചിരുന്നോയെന്ന കാര്യവും അന്വേഷണവിധേയമായി.
അന്ന് മസ്കോഗി കൗണ്ടി അസിസ്റ്റന്റ് ജില്ലാ അറ്റോർണിയായിരുന്ന ജാനറ്റ് ഹട്സൺ, കുട്ടി കടന്നുപോയ അനുഭവം അതീവ ദാരുണമാണെന്ന് പ്രതികരിച്ചിരുന്നു. ലൈംഗിക പീഡനത്തിനിരയായതിനു പുറമെ വൈദ്യസഹായമില്ലാതെ വീട്ടിൽ പ്രസവിക്കേണ്ടിവന്നത് കുട്ടിക്ക് ഗുരുതരമായ മാനസികാഘാതമുണ്ടാക്കിയിട്ടുണ്ടെന്നും ഈ അനുഭവത്തിന്റെ പ്രത്യാഘാതങ്ങൾ ജീവിതകാലം മുഴുവൻ അവളെ പിന്തുടരാനിടയുണ്ടെന്നും അവർ പറഞ്ഞു.
അതേസമയം ഭർത്താവ് മകളെ ലൈംഗികമായി പീഡിപ്പിക്കുന്നതായി ചെറി വാക്കറിന് അറിയാമായിരുന്നുവെന്നും എന്നിട്ടും അത് തടയാൻ അവർ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നുമാണ് പ്രോസിക്യൂഷന്റെ വാദം. കുട്ടിയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം നിറവേറ്റുന്നതിൽ അമ്മ പരാജയപ്പെട്ടുവെന്നാണ് കോടതിയിൽ പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയത്. 2026 ജൂലൈ 17ന് ചെറി വാക്കർക്ക് എതിരായ ഏഴ് കുറ്റങ്ങളിലും കോടതി കുറ്റക്കാരിയാണെന്ന് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഒക്ടോബർ 30ന് തുടർച്ചയായി ഏഴ് ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്.
കേസിലെ രണ്ടാനച്ഛനായ ഡസ്റ്റിൻ വാക്കർ മാർച്ചിൽ കുട്ടിക്കെതിരായ ലൈംഗികാതിക്രമം, കുട്ടിയുടെ സംരക്ഷണത്തിൽ വീഴ്ച വരുത്തൽ എന്നിവയുമായി ബന്ധപ്പെട്ട കുറ്റങ്ങൾ സമ്മതിച്ചിരുന്നു. ഇയാൾക്കും പിന്നീട് ജീവപര്യന്തം തടവുശിക്ഷ ലഭിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കുട്ടിയുടെ മുത്തശ്ശിയായ മിഷേൽ ജസ്റ്റസിനും കേസുമായി ബന്ധപ്പെട്ട് കുറ്റം ചുമത്തിയിട്ടുണ്ട്. കുടുംബത്തിൽ കുട്ടി ലൈംഗിക പീഡനത്തിന് ഇരയാകുന്നുണ്ടെന്ന് മുത്തശ്ശിക്ക് അറിയാമായിരുന്നുവെന്നും എന്നിട്ടും അത് തടയാൻ അവർ ഇടപെട്ടില്ലെന്നുമാണ് പ്രോസിക്യൂഷന്റെ ആരോപണം. മുത്തശ്ശിക്കെതിരായ കേസിന്റെ തുടർനടപടികളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ റിപ്പോർട്ടുകളിൽ വ്യക്തമാക്കിയിട്ടില്ല.