തിരുവനന്തപുരം: പിഎസ്‌സി നടത്തുന്ന ഡിവൈഎസ്പി (ഡപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ്) സ്പെഷൽ റിക്രൂട്മെന്റിൽ മുൻ എസ്എഫ്ഐ നേതാവിന് വഴിവിട്ട് ഒന്നാം റാങ്ക് നൽകി നിയമന ശിപാർശ നടത്തിയതായി പരാതി. ഇതുസംബന്ധിച്ച് മുൻ എസ്എഫ്ഐ നേതാവ് കെ.ജെ. ജിതിനെതിരെയാണ് സേവ് യൂണിവേഴ്‌സിറ്റി ക്യാംപയിൻ കമ്മിറ്റി മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും പരാതി നൽകിയത്. അതുപോലെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ജിതിന് നൽകിയ ട്രെയിനിങ്ങിനുള്ള അനുമതിയും നിയമന ഉത്തരവും തടയണമെന്ന് പരാതിയിൽ ആവശ്യപ്പെടുന്നു.
ഗ്രേസ് മാർക്ക് ആനുകൂല്യത്തിൽ ബികോം പാസായ വ്യക്തിയാണ് സബ് ഇൻസ്‌പെക്ടർ, യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ്, ഹൈക്കോടതി അസിസ്റ്റന്റ്, ഗവ. ഓഡിറ്റർ തുടങ്ങിയ തസ്തികകളിൽ ജോലി ചെയ്യുന്ന, ഉയർന്ന യോഗ്യതയുള്ള മത്സാരാർഥികളെ പിന്തള്ളി ഒന്നാം റാങ്ക് നേടിയതെന്നും പരാതിയിൽ പറയുന്നു. മാത്രമല്ല എറണാകുളം ജില്ലയിലെ വിവിധ കോളേജ് പ്രിൻസിപ്പൽമാരെ കയ്യേറ്റം ചെയ്തതിനും മദ്യപിച്ച് വാഹനമോടിച്ചതിനും ഉൾപ്പെടെ നിരവധി എഫ്ഐആറുകൾ ജിതിന്റെ പേരിലുണ്ടെന്നും പരാതിയിൽ പറയുന്നു.
അതേസമയം 2025 സെപ്റ്റംബറിലാണ് ഡിവൈഎസ്പി തസ്തികയിലേക്ക് 17,000ത്തോളം പേരിൽനിന്ന് അപേക്ഷ ക്ഷണിച്ചത്. ഡിസംബർ 25ന് എഴുത്തു പരീക്ഷ നടത്തി. 2026 മാർച്ച് 26ന് ഫിസിക്കൽ ടെസ്റ്റും ഏപ്രിൽ 26ന് 35 പേരുടെ അഭിമുഖവും പൂർത്തിയാക്കി. മേയ് 6ന് അന്തിമ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. പിഎസ്‌സി ചെയർമാൻ എം.ആർ. ബൈജു നേരിട്ട് പങ്കെടുത്ത അഭിമുഖത്തിൽ, എഴുത്തുപരീക്ഷയിൽ ഉയർന്ന മാർക്ക് നേടിയവരെ പിന്നിലാക്കാൻ ക്രമവിരുദ്ധമായി ഉയർന്ന മാർക്ക് നൽകിയെന്നും പരാതിയിൽ പറയുന്നു.