ഹൈദരാബാദ്: ഐവിഎഫ്, ഫെർട്ടിലിറ്റി സെന്ററുകളുടെ മറവിൽ പ്രവർത്തിച്ചിരുന്നെന്ന് ആരോപിക്കപ്പെടുന്ന അന്തർസംസ്ഥാന അണ്ഡക്കടത്ത് സംഘത്തെ ഹൈദരാബാദ് പോലീസ് പിടികൂടി. ബെഗംപേട്ടിലെ പ്രകാശ് നഗർ, എരഗഡ്ഡ, സരൂർനഗർ, ഗോപാലപുരം എന്നിവിടങ്ങളിൽ നടത്തിയ മിന്നൽ പരിശോധനയിൽ എട്ടുപേരെ അറസ്റ്റ് ചെയ്യുകയും 43 സ്ത്രീകളെ രക്ഷപ്പെടുത്തുകയും ചെയ്തു. പശ്ചിമ ബംഗാൾ, ഉത്തർപ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നുള്ള സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സ്ത്രീകളാണ് സംഘത്തിന്റെ വലയിൽപ്പെട്ടതെന്ന് പോലീസ് വ്യക്തമാക്കി.
ഒരു തവണ അണ്ഡദാനം നടത്തുന്നതിന് 20,000 മുതൽ 30,000 രൂപവരെ നൽകാമെന്ന് വാഗ്ദാനം ചെയ്താണ് സ്ത്രീകളെ സംഘത്തിലേക്ക് ആകർഷിച്ചിരുന്നത്. വിവിധ സംസ്ഥാനങ്ങളിലെ ഏജന്റുമാർ വഴി സ്ത്രീകൾക്ക് യാത്രാസൗകര്യം ഒരുക്കുകയും വാടകവീടുകളിൽ താമസിപ്പിച്ച് ഫെർട്ടിലിറ്റി കേന്ദ്രങ്ങളുമായി ബന്ധിപ്പിക്കുകയുമായിരുന്നു. ആവശ്യമായ വൈദ്യപരിശോധനകൾ നടത്താതെ സ്ത്രീകൾക്ക് ഹോർമോൺ കുത്തിവെപ്പുകളും മരുന്നുകളും നൽകിയതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
റെയ്ഡിനിടെ ഹ്യൂമോഗ് എച്ച്.പി. ഇൻജക്ഷനുകൾ, സിറിഞ്ചുകൾ, സൂചികൾ, ഗുളികകൾ എന്നിവയും രേഖകളും മൊബൈൽ ഫോണുകളും പോലീസ് പിടിച്ചെടുത്തു. അണ്ഡദാനവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ നിയമവിരുദ്ധമായി നടത്തിയിരുന്നുവെന്നാണ് പോലീസിന്റെ കണ്ടെത്തൽ.
സംഘത്തിന്റെ പ്രധാന സൂത്രധാരനെന്ന് കരുതുന്ന അമിത് ശർമ (44), സ്ത്രീകളെ റിക്രൂട്ട് ചെയ്തിരുന്ന നിക്കത് പർവീൺ (31) എന്നിവരുൾപ്പെടെയാണ് അറസ്റ്റിലായത്. പ്രകാശ് നഗറിൽ പ്രതിമാസം 50,000 രൂപ വാടക നൽകി വീട് എടുത്ത് കഴിഞ്ഞ രണ്ടു വർഷമായി അമിത് ശർമ അനധികൃത പ്രവർത്തനങ്ങൾ നടത്തിവരികയായിരുന്നുവെന്നാണ് അന്വേഷണസംഘം പറയുന്നത്.
ഐവിഎഫ് ഏജന്റായ രേഷ്മ ഖാത്തൂൺ (26), മെഡിക്കൽ ഏകോപനം നടത്തിയ മേഘാവത് ശ്രീനിവാസ് (23), എ.ആർ.ടി. ബാങ്ക് മാനേജരായ ജെപ്രേ പ്രദീപ് (27), രേഖകൾ കൈകാര്യം ചെയ്ത വിജയ് ഭഗവാൻ റാവു സാളുങ്കെ (46), പങ്കജ് സോണി (52), എസ്.കെ. പർവീൺ (42) എന്നിവരും കേസിൽ പ്രതികളാണ്. സരൂർനഗറിലെ വ്യവസായിയായ എമിരിഷെട്ടി ദുർഗാപ്രസാദിനെയും (42) പോലീസ് പിടികൂടിയിട്ടുണ്ട്.
വ്യാജ ആധാർ കാർഡുകൾ, സത്യവാങ്മൂലങ്ങൾ, സമ്മതപത്രങ്ങൾ, മെഡിക്കൽ രേഖകൾ എന്നിവ തയ്യാറാക്കിയാണ് സംഘം പ്രവർത്തിച്ചിരുന്നതെന്ന് പോലീസ് അറിയിച്ചു. സ്ത്രീകളെ എത്ര തവണ അണ്ഡദാനത്തിന് വിധേയരാക്കി, ഇതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ എങ്ങനെയായിരുന്നു, ഏജന്റുമാർക്ക് എത്രത്തോളം കമ്മീഷൻ നൽകിയിരുന്നു തുടങ്ങിയ കാര്യങ്ങളാണ് പോലീസ് അന്വേഷിക്കുന്നത്.