ഗ്രേറ്റർ നോയിഡ: പൂജയ്ക്കായി പൂ പറിക്കാൻ ശ്രമിക്കുന്നതിനിടെ അപ്പാർട്ട്മെന്റിന്റെ 23-ാം നിലയിൽ നിന്ന് വീണ് അച്ഛനും 11 വയസുകാരനായ മകനും മരിച്ചു. ഉത്തർപ്രദേശിലെ ഗൗതം ബുദ്ധ നഗർ ജില്ലയിലെ ഗ്രേറ്റർ നോയിഡയിലുള്ള മഹാഗൺ മൈവുഡ്സ് റെസിഡൻഷ്യൽ സൊസൈറ്റിയിലാണ് വെള്ളിയാഴ്ച ദാരുണമായ സംഭവം ഉണ്ടായത്. രൺദീപ് പത്ര (40), മകൻ ആരവ് (11) എന്നിവരാണ് മരിച്ചത്. സംഭവത്തെത്തുടർന്ന് ഫ്ലാറ്റ് സമുച്ചയത്തിൽ പരിഭ്രാന്തി പടർന്നു.
ഇന്നലെ രാവിലെ പൂജയ്ക്കായി പൂക്കൾ ശേഖരിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അപ്പാർട്ട്മെന്റിന്റെ ബാൽക്കണിയിൽനിന്ന് പൂ പറിക്കുന്നതിനിടെ കുട്ടി കാൽവഴുതി താഴേക്ക് വീഴുകയായിരുന്നു. മകനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അച്ഛനും നിയന്ത്രണം നഷ്ടപ്പെട്ട് 23-ാം നിലയിൽനിന്ന് താഴേക്ക് വീണതായാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്.
ബിസ്രഖ് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള മഹാഗൺ മൈവുഡ്സ് സൊസൈറ്റിയിലെ ടവർ 23ൽനിന്ന് രണ്ടുപേർ ഉയരത്തിൽനിന്ന് വീണതായി വെള്ളിയാഴ്ച പോലീസ് റെസ്പോൺസ് വെഹിക്കിൾ (പിആർവി) വഴിയാണ് പോലീസിന് വിവരം ലഭിച്ചത്. ഉടൻതന്നെ പോലീസ് സംഘം സ്ഥലത്തെത്തി. ഗുരുതരമായി പരിക്കേറ്റ നിലയിലാണ് അച്ഛനെയും മകനെയും കണ്ടെത്തിയത്. ഇരുവരെയും ഉടൻ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിശോധനയ്ക്കുശേഷം ഇരുവരും മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.
രാവിലെ ഖാട്ടു ശ്യാം ക്ഷേത്രത്തിലേക്ക് പോകേണ്ടതിനാൽ നേരത്തേ വീട്ടിൽനിന്ന് ഇറങ്ങാൻ തയ്യാറെടുക്കുകയായിരുന്നുവെന്ന് രൺദീപിന്റെ ഭാര്യ പോലീസിനോട് പറഞ്ഞു. ഇവർ പുറപ്പെടുന്നതിന് മുമ്പ് രാവിലെ പൂജയ്ക്കായി പൂക്കൾ ശേഖരിക്കാൻ രൺദീപും മകനും ബാൽക്കണിയിലേക്ക് പോയതായിരുന്നു.
പൂ പറിക്കുന്നതിനിടെ കുട്ടി കാൽവഴുതി താഴേക്ക് വീഴുകയും ബാൽക്കണിയിൽ തൂങ്ങിക്കിടക്കുന്നയുമായിരുന്നു. ഇതുകണ്ട് മകനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അച്ഛനും ബാലൻസ് നഷ്ടപ്പെട്ട് താഴേക്ക് വീഴുകയായിരുന്നു. സംഭവത്തിന്റെ യഥാർഥ സാഹചര്യം വിശദമായ അന്വേഷണത്തിലൂടെ മാത്രമേ വ്യക്തമാകൂവെന്ന് പോലീസ് അറിയിച്ചു. അപകടത്തിലേക്ക് നയിച്ച എല്ലാ സാഹചര്യങ്ങളും പരിശോധിച്ചുവരികയാണ്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയശേഷം മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി അയക്കുന്നതിനുള്ള നടപടികളും പോലീസ് ആരംഭിച്ചു.