തിരുവനന്തപുരം: ഡൽഹിയിലെ രാംലീല മൈതാനത്ത് ഞായറാഴ്ച നടക്കുന്ന ഇന്ത്യാ സഖ്യത്തിന്റെ മഹാറാലിയിൽ പങ്കെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സാമൂഹികമാധ്യമമായ എക്സിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. വെറുമൊരു പ്രതിഷേധമല്ല റാലിയെന്നും ജനാധിപത്യവും ഭരണഘടനയും വോട്ടവകാശവും സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
‘ഇന്ത്യ വിളിക്കുന്നു. ജനാധിപത്യവും ഭരണഘടനയും വോട്ടവകാശവും സംരക്ഷിക്കാൻ ലക്ഷക്കണക്കിന് പൗരന്മാർക്കൊപ്പം നാളെ ഞാനും ഡൽഹിയിലെ രാംലീല മൈതാനത്തുണ്ടാകും. ഇത് കേവലം പ്രതിഷേധമല്ല; ജനാധിപത്യം ഭീഷണി നേരിടുമ്പോൾ ഞങ്ങൾ നിശ്ശബ്ദരായിരിക്കില്ല എന്ന ഉറച്ച പ്രഖ്യാപനമാണ്. ചലോ ഡൽഹി’ – വി.ഡി. സതീശൻ എക്സിൽ കുറിച്ചു.
തീവ്ര വോട്ടർപട്ടികാ പരിഷ്കരണത്തിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടിയും വോട്ട് കൊള്ള ആരോപിച്ചുമാണ് ഇന്ത്യാ സഖ്യം റാലി സംഘടിപ്പിക്കുന്നത്. പ്രതിപക്ഷ നേതാക്കൾ, സാമൂഹിക പ്രവർത്തകർ തുടങ്ങിയവർ ഉൾപ്പെടെ നിരവധി പേർ റാലിയിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. ഉച്ചയ്ക്ക് മിന്റോ റോഡ്-കണോട്ട് പ്ലേസ് ജങ്ഷനിൽനിന്ന് ആരംഭിക്കുന്ന റാലി രാംലീല മൈതാനത്ത് സമാപിക്കും.
മഹാറാലിക്ക് ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ദേശീയ അധ്യക്ഷ നേഹ ബോറ സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് പിന്തുണ അറിയിച്ചത്. കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത്ത് ദിപ്കെയും നേരത്തേ റാലിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു.
‘ചലോ ഡൽഹി’ മാർച്ചിൽ അണിചേരാൻ ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ജനങ്ങളോട് അഭ്യർഥിച്ചു. പോലീസിന്റെ ഭാഗത്തുനിന്നുണ്ടായേക്കാവുന്ന നടപടികളിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞു. ഭരണകക്ഷിയായ ബിജെപിക്ക് തന്ത്രങ്ങൾ പ്രയോഗിക്കാൻ ധൈര്യമുണ്ടാകില്ലെന്നും രാഹുൽ കൂട്ടിച്ചേർത്തു. രാഷ്ട്രീയ ചായ്വുകൾ പരിഗണിക്കാതെ വിദ്യാർഥി സംഘടനകളും മാർച്ചിൽ പങ്കെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.