ന്യൂ ഡൽഹി: ഒരിടവേളയ്ക്കുശേഷം യമുന നദിയെച്ചൊല്ലി ഡൽഹിയിൽ രാഷ്ട്രീയ വാഗ്വാദം വീണ്ടും സജീവമാകുന്നു. ബിജെപി സർക്കാർ അധികാരമേറ്റതോടെ യമുനയിലെ മലിനീകരണം കുറഞ്ഞെന്ന അവകാശവാദവുമായി നദിയിൽ മുങ്ങിക്കുളിക്കുകയും വെള്ളം കുടിക്കുകയും ചെയ്ത് ബിജെപി എംപി മനോജ് തിവാരി.
വ്യാഴാഴ്ച സോണിയ വിഹാർ ഘട്ടിലെത്തിയായിരുന്നു മനോജ് തിവാരിയുടെ പ്രകടനം. പിന്നാലെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെയും എഎപി നേതാവ് അരവിന്ദ് കെജ്രിവാളിനെയും യമുനയിൽ മുങ്ങിക്കുളിക്കാൻ അദ്ദേഹം ക്ഷണിച്ചു. ജനങ്ങൾക്ക് വീണ്ടും യമുനയിൽ ഛത് പൂജ ആഘോഷിക്കാൻ കഴിയുന്ന സാഹചര്യമുണ്ടായെന്നും ഈസ്റ്റ് ഡൽഹി എംപി അവകാശപ്പെട്ടു. എന്നാൽ മനോജ് തിവാരി മുങ്ങിക്കുളിച്ചത് യമുനയിലെ താരതമ്യേന വൃത്തിയുള്ള ഭാഗത്താണെന്ന് എഎപി തിരിച്ചടിച്ചു. കാളിന്ദി കുഞ്ച് ഘട്ടിലെത്തി അവിടത്തെ വെള്ളം കുടിക്കാൻ തയ്യാറാണോയെന്നും പാർട്ടി ചോദിച്ചു.
യമുനയുടെ തീരങ്ങളിൽ ദേശാടനപ്പക്ഷികളുടെ സാന്നിധ്യം വർധിച്ചത് നദിയുടെ സ്ഥിതി മെച്ചപ്പെട്ടതിന്റെ സൂചനയാണെന്നും മനോജ് തിവാരി പറഞ്ഞു. നദി മലിനമായിരുന്നെങ്കിൽ ഇത്തരം പക്ഷികൾ ഇവിടെ എത്തില്ലായിരുന്നു. നദിയിൽ മുതലകളെയും കാണാം. ശുദ്ധജലത്തിലാണ് മുതലകൾ ഉണ്ടാകുകയെന്നും അദ്ദേഹം അവകാശപ്പെട്ടു.
യമുന മലിനമാകുന്നതിന് ഹരിയാനയെ കുറ്റപ്പെടുത്താനാണ് മുൻ എഎപി സർക്കാർ ശ്രമിച്ചതെന്നും മനോജ് തിവാരി ആരോപിച്ചു. ബിജെപി അധികാരത്തിലെത്തി ഒന്നര വർഷത്തിനുള്ളിൽ നദിയുടെ പകുതിയോളം വൃത്തിയാക്കിയെന്നും അടുത്ത രണ്ട് വർഷത്തിനുള്ളിൽ ശേഷിക്കുന്ന ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 27 വർഷത്തിനിടെ കോൺഗ്രസിനും എഎപിക്കും ചെയ്യാൻ കഴിയാത്ത കാര്യമാണ് ബിജെപി സർക്കാർ രണ്ട് വർഷംകൊണ്ട് ചെയ്തതെന്ന് ബിജെപി ഡൽഹി ഘടകം എക്സിൽ കുറിച്ചു. യമുനയിൽ മുങ്ങിക്കുളിക്കാൻ അരവിന്ദ് കെജ്രിവാളിനെയും ബിജെപി വെല്ലുവിളിച്ചു.
എന്നാൽ ബിജെപിക്ക് ഡൽഹിയെക്കുറിച്ച് ഒന്നും അറിയില്ലെന്നായിരുന്നു ഡൽഹി എഎപി അധ്യക്ഷൻ സൗരവ് ഭരദ്വാജിന്റെ മറുപടി. മനോജ് തിവാരി മുങ്ങിക്കുളിച്ച ഭാഗം എപ്പോഴും താരതമ്യേന വൃത്തിയുള്ളതാണെന്നും എഎപി സർക്കാരിന്റെ കാലത്ത് അത് കൂടുതൽ വൃത്തിയുള്ളതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കാളിന്ദി കുഞ്ച് ഘട്ടിലെത്തി വെള്ളം കുടിക്കാൻ മനോജ് തിവാരിയെയും ജലവിഭവ മന്ത്രി പർവേശ് വർമ്മയെയും സൗരവ് ഭരദ്വാജ് വെല്ലുവിളിച്ചു. കഴിഞ്ഞ വർഷവും ഈ വെല്ലുവിളിയിൽനിന്ന് ഇരുവരും ഒഴിഞ്ഞുമാറിയെന്നും ഈ വർഷവും അതുതന്നെ സംഭവിക്കുമെന്നുമാണ് അദ്ദേഹത്തിന്റെ പരിഹാസം.
केजरीवाल जी और राहुल गांधी जी, यह रील नहीं, हकीकत है।
यह दिल्ली की ही यमुना जी हैं। आज मैंने यहाँ स्नान भी किया और आचमन भी किया।
केजरीवाल जी राहुल गांधी जी आप कब आ रहे हो डुबकी लगाने?
@ArvindKejriwal @RahulGandhi https://t.co/cjrvQNUCqN
— Manoj Tiwari (@ManojTiwariMP) October 29, 2026