കൊച്ചി: 17കാരൻ ഓടിച്ച ബെൻസ് കാറിടിച്ച് ചേരാനല്ലൂരിൽ കൊല്ലപ്പെട്ട ജയബാലകൃഷ്ണന്റെ കുടുംബത്തെ ആശ്വസിപ്പിക്കാൻ മുഖ്യമന്ത്രി വി.ഡി. സതീശൻ വീട്ടിലെത്തി. കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച മുഖ്യമന്ത്രി, നീതിക്കായുള്ള പോരാട്ടത്തിൽ ഒപ്പമുണ്ടാകുമെന്ന് ഉറപ്പുനൽകിയാണ് മടങ്ങിയത്. 17കാരന്റെ പിതാവായ അഡീഷണൽ ജില്ലാ ജഡ്ജിക്കെതിരായ പരാതിയടക്കം കുടുംബം മുഖ്യമന്ത്രിക്ക് കൈമാറി.
ജഡ്ജി തെളിവുകൾ നശിപ്പിച്ചെന്നാണ് കുടുംബത്തിന്റെ പരാതി. അപകടം നടന്നതിന് പിന്നാലെ ജഡ്ജിയും കുടുംബവും മറ്റൊരു വാഹനത്തിൽ സ്ഥലത്തെത്തിയെന്നും ഇത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണെന്നും കുടുംബം മുഖ്യമന്ത്രിയെ അറിയിച്ചു. തെളിവുകൾ നശിപ്പിക്കാനാണ് ജഡ്ജി അതിവേഗം സ്ഥലത്തെത്തിയതെന്നും കുടുംബം ആരോപിച്ചു.
കുടുംബത്തിന്റെ ആശങ്കകൾ മുഖ്യമന്ത്രിയുമായി പങ്കുവെച്ചതായി മകൾ ഭദ്ര കീർത്തി മാധ്യമങ്ങളോട് പറഞ്ഞു. ഭീഷണിപ്പെടുത്തി ആരും തന്നെ വക്കാലത്തിൽ ഒപ്പിടുവിച്ചിട്ടില്ലെന്നും അവർ വ്യക്തമാക്കി. “ഞാൻ വക്കാലത്ത് ഒപ്പിട്ടിരുന്നു. കോടതിയിൽ നടന്നതിനെക്കുറിച്ച് അറിയില്ല. കോടതിയുടെ തീരുമാനം വന്നശേഷം തുടർനടപടികൾ സ്വീകരിക്കും. അഡ്വ. ശ്രീജിത്ത് തന്നെ ഞങ്ങളുടെ അഭിഭാഷകനായി തുടരും,” ഭദ്ര പറഞ്ഞു.
അതേസമയം, 17കാരന്റെ ഫോണിൽനിന്ന് ഡിലീറ്റ് ചെയ്ത വിവരങ്ങൾ വീണ്ടെടുക്കാനുള്ള നീക്കത്തിലാണ് അന്വേഷണസംഘം. ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള വിവരങ്ങൾ ഫോണിൽനിന്ന് നീക്കം ചെയ്ത നിലയിലാണ്. ഡാറ്റ വീണ്ടെടുക്കുന്നതിനായി ഫോൺ വിദഗ്ധ പരിശോധനയ്ക്ക് അയക്കും.
പ്രതിയായ 17കാരൻ അഡീഷണൽ ജില്ലാ ജഡ്ജിയുടെ മകനാണ്. പ്രായപൂർത്തിയാകാത്ത മകന് വാഹനം ഓടിക്കാൻ നൽകിയതിന് ആർ.സി. ഉടമയായ ജഡ്ജിക്കെതിരെയും മോട്ടോർ വാഹന നിയമത്തിലെ സെക്ഷൻ 199A പ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്. മകന് ഡ്രൈവിങ് അറിയാമായിരുന്നുവെന്ന കാര്യം തനിക്ക് അറിയില്ലായിരുന്നുവെന്ന മൊഴിയിൽ ഉറച്ചുനിൽക്കുകയാണ് ജഡ്ജി. ഇന്നലെ നടത്തിയ ചോദ്യം ചെയ്യലിലും അദ്ദേഹം ഇതേ നിലപാടാണ് സ്വീകരിച്ചത്.
17കാരൻ മുമ്പ് വാഹനം ഓടിക്കുന്നതിന്റെ ദൃശ്യങ്ങൾ കണ്ടെത്തി ജഡ്ജിയുടെ വാദം പരിശോധിക്കാനാണ് അന്വേഷണസംഘത്തിന്റെ നീക്കം. അപകടസമയത്ത് പ്രതി ഓടിച്ചിരുന്ന ആഡംബര കാർ മണിക്കൂറിൽ 104 കിലോമീറ്ററിലധികം വേഗത്തിലായിരുന്നുവെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇത് വ്യക്തമാക്കുന്ന മൊബൈൽ ദൃശ്യങ്ങൾ പ്രതിയുടെ ഫോണിലുണ്ടെന്നാണ് സൂചന.
ഇതിനുമുമ്പും 208 കിലോമീറ്റർ വേഗത്തിൽ വാഹനം ഓടിക്കുന്ന ദൃശ്യങ്ങൾ പ്രതി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ടെന്ന് ജയബാലകൃഷ്ണന്റെ കുടുംബം ആരോപിച്ചിരുന്നു. ഈ വിവരങ്ങളും ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിൽ പോലീസ് പരിശോധിക്കും.