പത്തനംതിട്ട: നിപ ബാധിതർക്ക് കാലാവധി കഴിഞ്ഞ മരുന്നുകൾ നൽകിയെന്ന ആരോഗ്യമന്ത്രി കെ. മുരളീധരന്റെ പരാമർശം തെറ്റിദ്ധാരണ പരത്തുന്നതാണെന്ന് മുൻ ആരോഗ്യമന്ത്രി വീണാ ജോർജ്. നിപ രോഗികൾക്ക് നൽകിയ റെംഡെസിവിർ മരുന്നിന് 2025 വരെ കാലാവധിയുണ്ടായിരുന്നുവെന്നും ഇത് സംബന്ധിച്ച കൃത്യമായ വിവരങ്ങൾ കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷന്റെ (കെഎംഎസ്‌സിഎൽ) രേഖകളിലുണ്ടെന്നും അവർ പറഞ്ഞു. മന്ത്രിയുടെ പരാമർശം ദുരൂഹമാണെന്നും അദ്ദേഹം ജനങ്ങളോട് മാപ്പുപറയണമെന്നും വീണാ ജോർജ് ആവശ്യപ്പെട്ടു.
ഇത്രയും ഗൗരവമേറിയതും സൂക്ഷ്മത ആവശ്യപ്പെടുന്നതുമായ വിഷയത്തിൽ കെ. മുരളീധരൻ ഇത്തരമൊരു പ്രസ്താവന നടത്തിയത് അമ്പരപ്പിക്കുന്നതാണ്. മന്ത്രിയെ ആരെങ്കിലും തെറ്റിദ്ധരിപ്പിച്ചോയെന്ന് അറിയില്ല. പ്രസ്താവന തിരുത്തി മാപ്പുപറയാൻ അദ്ദേഹം തയ്യാറാകണമെന്നും വീണാ ജോർജ് പറഞ്ഞു.
നിപ രോഗികൾക്ക് നൽകിയ ചികിത്സയുടെയും മരുന്നുകളുടെയും കൃത്യമായ രേഖകൾ സർക്കാരിന്റെ പക്കലുണ്ട്. ആകെ അഞ്ച് നിപ രോഗികൾക്കാണ് റെംഡെസിവിർ നൽകിയിട്ടുള്ളത്. മരുന്ന് സ്വീകരിച്ചവരെല്ലാം ഇപ്പോഴും ജീവനോടെയുണ്ട്. നിപയുടെ മരണനിരക്ക് 70 ശതമാനത്തിന് മുകളിലാണെങ്കിലും കേരളത്തിൽ മരണനിരക്ക് കുറയ്ക്കാൻ സാധിച്ചുവെന്നും ഏറ്റവും ഫലപ്രദമായ മരുന്നാണ് രോഗികൾക്ക് നൽകിയതെന്നും അവർ അവകാശപ്പെട്ടു.
2021ൽ ലഭിച്ച മരുന്നിന് 2025 വരെ കാലാവധിയുണ്ടായിരുന്നു. 2023 ജൂലൈയിൽ കാലാവധി അവസാനിച്ചിരുന്നെങ്കിൽ പിന്നീട് മരുന്ന് വിതരണം ചെയ്യാൻ കഴിയില്ലായിരുന്നുവെന്നും വീണാ ജോർജ് വിശദീകരിച്ചു. കാലാവധി കഴിഞ്ഞ മരുന്ന് പോർട്ടലിൽ ലോക്ക് ആകും. ഒരു ഗോഡൗണിൽനിന്ന് മറ്റൊരു സ്ഥാപനത്തിലേക്ക് മരുന്ന് മാറ്റണമെങ്കിൽ പോർട്ടലിൽ രേഖകൾ പുതുക്കണം. കാലാവധി കഴിഞ്ഞ മരുന്ന് മാറ്റുന്നതിനുള്ള നടപടികൾ പോർട്ടൽ അനുവദിക്കില്ലെന്നും അവർ പറഞ്ഞു.
നിപ രോഗികൾക്ക് കാലാവധി കഴിഞ്ഞ മരുന്നുകൾ നൽകിയെന്ന സംശയം കഴിഞ്ഞദിവസം നിയമസഭയിലാണ് ആരോഗ്യമന്ത്രി കെ. മുരളീധരൻ ഉന്നയിച്ചത്. 2023, 2024, 2025 വർഷങ്ങളിൽ കാലാവധി കഴിഞ്ഞ മരുന്ന് വിതരണം ചെയ്തിട്ടുണ്ടോയെന്ന സംശയമുണ്ടെന്നും ഇക്കാര്യത്തിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് വീണാ ജോർജിന്റെ പ്രതികരണം.