മീനങ്ങാടി: ഗ്യാസ് സ്റ്റൗവിന്റെ ഗ്ലാസ് പ്രതലം പൊട്ടിത്തെറിച്ച് യുവതിക്ക് പരിക്കേറ്റു. മീനങ്ങാടി 54-ലെ വിസ്മയ അമലിനാണ് നെറ്റിയിൽ ആഴത്തിൽ മുറിവേറ്റത്. വിദഗ്ധ ചികിത്സയ്ക്കായി മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
പാചകം ചെയ്തുകൊണ്ടിരിക്കെയാണ് അപകടം സംഭവിച്ചത്. സ്റ്റൗവിന്റെ ഗ്ലാസ് പ്രതലം വലിയ ശബ്ദത്തോടെ ചിതറിത്തെറിച്ചതിനൊപ്പം മുകളിലുണ്ടായിരുന്ന കുക്കറും ഉയർന്നുപൊങ്ങി വിസ്മയയുടെ നെറ്റിയിൽ തട്ടുകയായിരുന്നു. ഗ്ലാസ് ചില്ലുകൾ ചിതറിത്തെറിച്ചതിനെത്തുടർന്ന് ഉണ്ടായ അപകടത്തിൽ നെറ്റിയിൽ ആഴത്തിൽ മുറിവേറ്റ യുവതിയെ ആദ്യം മീനങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു.
അമിതമായ ചൂടോ ഗ്ലാസിലുണ്ടായിരുന്ന നേരിയ കേടുപാടുകളോ അപകടത്തിന് കാരണമായിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിന്റെ കൃത്യമായ കാരണം വ്യക്തമാകേണ്ടതുണ്ട്.