കണ്ണൂർ: ഭാര്യയ്ക്ക് ഷർട്ട് കാണിക്കാനെന്ന വ്യാജേന തുണിക്കടയിൽനിന്ന് ഷർട്ടുകളുമായി കടന്നുകളഞ്ഞ യുവാവിന്റെ പണം ബന്ധുക്കളെത്തി നൽകി. കണ്ണൂർ ആലക്കോട് ഓർമ്മ ഫാബ്രിക്സിലാണ് സംഭവം. കടയിലെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് യുവാവിനെ തിരിച്ചറിഞ്ഞത്.
ഗിഫ്റ്റ് നൽകാനായി രണ്ട് ഷർട്ടുകൾ വേണമെന്നാവശ്യപ്പെട്ടാണ് യുവാവ് കടയിലെത്തിയത്. ഷർട്ടുകൾ തിരഞ്ഞെടുത്ത ശേഷം പുറത്ത് കാറിൽ ഇരിക്കുന്ന ഭാര്യയെ കാണിച്ചിട്ട് വാങ്ങാമെന്ന് കടയുടമയോട് പറഞ്ഞു. ഷർട്ടുകൾ കവറിലാക്കി നൽകണമെന്നും ആവശ്യപ്പെട്ടു.
കടയുടമ ഷർട്ടുകൾ കവറിലാക്കി നൽകിയതിനു പിന്നാലെ ഭാര്യയെ കാണിക്കാനെന്നു പറഞ്ഞ് യുവാവ് കടയിൽനിന്ന് ഇറങ്ങി. എന്നാൽ ഏറെനേരം കഴിഞ്ഞിട്ടും തിരിച്ചെത്തിയില്ല. ഇതോടെയാണ് കടയുടമ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചത്. തുടർന്ന് ദൃശ്യങ്ങൾ ആലക്കോട്ടെ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ പങ്കുവച്ചു.
വീഡിയോ കണ്ട ഒരാൾ യുവാവിനെ തിരിച്ചറിഞ്ഞതോടെ കടയുടമ ഇയാളുടെ വീട്ടിലെത്തി. തുടർന്ന് യുവാവിന്റെ അമ്മ പണം നൽകാമെന്ന് സമ്മതിച്ചതായാണ് വിവരം. സിസിടിവി ദൃശ്യങ്ങൾ പ്രചരിച്ചതിനു പിന്നാലെയാണ് സംഭവത്തിൽ പണം തിരികെ ലഭിക്കാനുള്ള നടപടിയുണ്ടായത്.