ബെംഗളൂരു: ശ്മശാനത്തിലെ ശവ കുഴികൾ തോണ്ടി മനുഷ്യാവശിഷ്ടങ്ങൾ പുറത്തെടുത്ത് മെഡിക്കൽ കോളജുകളിലെ പഠനാവശ്യങ്ങൾക്കായി കടത്തിയെന്ന കേസിൽ മൂന്നുപേരെ പോലീസ് പിടികൂടി. കർണാടകയിലെ റായ്ച്ചൂരിലുള്ള മാരുതി നഗർ ശ്മശാനത്തിലാണ് സംഭവം. ശ്മശാനത്തൊഴിലാളിയായ വീരേഷ് തലവാര ആഞ്ജനേയ (28), രാജു നരസപ്പ (35), അഫ്സർ ജൂനിമിയ (32) എന്നിവരാണ് അറസ്റ്റിലായത്. ശനിയാഴ്ചയാണ് ഇവർ പിടിയിലായത്.
മനുഷ്യാവശിഷ്ടങ്ങൾ കടത്തിയതിന് 2,000 മുതൽ 3,000 രൂപ വരെ പ്രതിഫലമായി വാങ്ങിയിരുന്നതായാണ് റിപ്പോർട്ട്. പിടിയിലായ രാജുവും അഫ്സറും സ്വകാര്യ മെഡിക്കൽ കോളജിൽ ജോലി ചെയ്തിരുന്നവരാണെന്നും വിവരമുണ്ട്. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.
ശ്മശാനത്തിലെ ചില കുഴികളിൽ മണ്ണ് ഇളകിക്കിടക്കുന്നതും അസ്ഥികൂടങ്ങളുടെ അവശിഷ്ടങ്ങൾ പുറത്തുകാണപ്പെട്ടതുമാണ് സംശയത്തിന് ഇടയാക്കിയത്. തുടർന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. അന്വേഷണത്തിലാണ് ശവക്കുഴികളിൽനിന്ന് മനുഷ്യാവശിഷ്ടങ്ങൾ പുറത്തെടുത്ത് കടത്തിയെന്ന വിവരം പുറത്തുവന്നത്.
മനുഷ്യാവശിഷ്ടങ്ങൾ പുറത്തെടുത്തശേഷം ശവക്കുഴികൾ വീണ്ടും മൂടിയിരുന്നതായും നാട്ടുകാർ ആരോപിച്ചിരുന്നു. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും മനുഷ്യാവശിഷ്ടങ്ങൾ എവിടേക്കാണ് എത്തിച്ചിരുന്നതെന്നും ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പോലീസ് അന്വേഷണം തുടരുകയാണ്.