ജയ്പുർ: പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ തങ്ങളുടെ സ്ഥാനാർഥിക്ക് വോട്ട് ചെയ്താൽ അവിവാഹിതരായ ആൺമക്കൾക്ക് വധുവിനെ കണ്ടെത്താൻ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്ത് രാജസ്ഥാനിലെ കോൺഗ്രസ് എംഎൽഎ. ജുൻജുനു ജില്ലയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സൂരജ്ഗഡ് എംഎൽഎ ഷർവൺ കുമാറാണ് ഇത്തരമൊരു വാഗ്ദാനം മുന്നോട്ടുവച്ചത്.
റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവേ, തന്റെ അനുയായികൾ സ്ഥാനാർഥിക്ക് വോട്ട് ചെയ്താൽ മതിയെന്നും ആവശ്യപ്പെട്ടാൽ അവരുടെ അവിവാഹിതരായ മക്കളുടെ വിവാഹം നടത്താൻ സഹായിക്കാമെന്നുമാണ് എംഎൽഎ പറഞ്ഞത്. തിരഞ്ഞെടുപ്പിൽ വോട്ട് ഉറപ്പാക്കാൻ വിവാഹവാഗ്ദാനം മുന്നോട്ടുവച്ച സംഭവം ഇതിനകം ശ്രദ്ധ നേടിയിട്ടുണ്ട്.
രാജസ്ഥാനിലെ ഝഝർ ഗ്രാമത്തിലെ ഒരു സ്ഥാനാർഥിയും സമാനമായ വാഗ്ദാനം വോട്ടർമാർക്ക് നൽകിയതിന്റെ വിഡിയോ അടുത്തിടെ പുറത്തുവന്നിരുന്നു. “ഞങ്ങൾക്ക് വോട്ട് ചെയ്യൂ, നിങ്ങളുടെ അവിവാഹിതരായ ആൺമക്കളെ ഞങ്ങൾ വിവാഹം കഴിപ്പിക്കും” എന്നായിരുന്നു വിഡിയോയിലെ വാഗ്ദാനം. വിവാഹത്തിനായി വധുക്കളെ കണ്ടെത്താൻ ബുദ്ധിമുട്ടുന്ന യുവാക്കളുടെ സാഹചര്യം സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തിലും ചർച്ചയാകുകയാണ്.
രാജസ്ഥാനിലെ ചില പ്രദേശങ്ങളിൽ യുവാക്കൾക്ക് വിവാഹം കഴിക്കാൻ പങ്കാളികളെ കണ്ടെത്തുന്നതിലെ ബുദ്ധിമുട്ട് വലിയ വിഷയമായി ഉയർന്നുവരുന്നുണ്ട്. ഇതിന്റെ ഭാഗമായി ബിഹാർ ഉൾപ്പെടെയുള്ള അയൽസംസ്ഥാനങ്ങളിൽനിന്ന് വധുക്കളെ കണ്ടെത്തി വിവാഹം കഴിക്കുന്ന സംഭവങ്ങളുമുണ്ടെന്നാണ് റിപ്പോർട്ടുകൾ.
കഴിഞ്ഞ സെപ്റ്റംബറിൽ നഗരസഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിനിടെയും സമാനമായ വാഗ്ദാനം ഉയർന്നിരുന്നു. ബിജെപി നേതാവും മുൻ എംഎൽഎയുമായ രാംലാൽ ശർമയാണ് അന്ന് വിവാഹത്തിന് പെൺകുട്ടിയെ കണ്ടെത്താൻ സഹായിക്കാമെന്ന് പറഞ്ഞത്. വിവാഹത്തിന് പെൺകുട്ടിയെ കണ്ടെത്താൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു യുവാവ് തനിക്ക് കത്തെഴുതിയതിന്റെ പശ്ചാത്തലത്തിലായിരുന്നു വാഗ്ദാനമെന്ന് ശർമ പിന്നീട് വ്യക്തമാക്കിയിരുന്നു.
2011ലെ സെൻസസ് പ്രകാരം രാജസ്ഥാനിൽ 1,000 പുരുഷന്മാർക്ക് 928 സ്ത്രീകൾ എന്നതാണ് ലിംഗാനുപാതം. ദേശീയ ശരാശരിയായ 943നേക്കാൾ കുറവാണിത്. നാല് ഘട്ടങ്ങളിലായാണ് രാജസ്ഥാനിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഒരു ഘട്ടത്തിലെ വോട്ടെടുപ്പ് പൂർത്തിയായതോടെ ശേഷിക്കുന്ന മൂന്ന് ഘട്ടങ്ങളിലേക്കുള്ള പ്രചാരണം പുരോഗമിക്കുകയാണ്.