BREAKING NEWS

സഭയിൽ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും തമ്മിൽ വാക്പോര്; ’ആരെ നോക്കി സംസാരിക്കണം? പ്രതിപക്ഷത്തെയോ?’എന്ന് പിണറായി; മറ്റാരെയും നോക്കേണ്ട, എന്നെ നോക്കി സംസാരിക്കൂ എന്ന് സ്പീക്കർ

· · 1 min read
Share: Copied!

തിരുവനന്തപുരം: നിയമസഭയിൽ വീണ്ടും മുഖ്യമന്ത്രി വി.ഡി. സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും തമ്മിൽ വാക്‌പോര്. വിവിധ വിഷയങ്ങളിൽ ചർച്ചകൾ പുരോഗമിക്കുന്നതിനിടെ, സഭയിൽ ആരെ നോക്കി സംസാരിക്കണമെന്നതിനെച്ചൊല്ലിയാണ് ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായത്. മുഖ്യമന്ത്രി പറയുന്ന കാര്യങ്ങൾ തന്നെയാണ് താനും പറയുന്നതെന്നും ഇനി പ്രതിപക്ഷത്തെ നോക്കി സംസാരിക്കാമെന്നും പറഞ്ഞ് പിണറായി വിജയനാണ് തർക്കത്തിന് തുടക്കമിട്ടത്. ഓരോരുത്തർക്കും അവരുടേതായ ശൈലിയുണ്ടെന്നും അതിനെ പരിഹസിക്കരുതെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. 102 പേരുള്ള ഭരണനിരയെ നോക്കുമ്പോൾ അഭിമാനം മാത്രമാണുള്ളതെന്നും സതീശൻ പറഞ്ഞു. ഭരണപക്ഷത്തെ പ്രതിപക്ഷമാക്കി ഇപ്പോഴത്തെ 35 പേരിലേക്ക് ഒതുക്കിയതിന്റെ ഉത്തരവാദിത്വമുള്ളതിനാൽ സ്വന്തം പക്ഷത്തേക്ക് നോക്കാൻ പ്രതിപക്ഷ നേതാവിന് ചിലപ്പോൾ മടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പരിഹസിച്ചു. താൻ ശൈലിയെ വിമർശിച്ചിട്ടില്ലെന്നും പറഞ്ഞ കാര്യം മുഖ്യമന്ത്രി മനസ്സിലാക്കണമെന്നുമായിരുന്നു പിണറായിയുടെ മറുപടി. ഇതിനിടെ തർക്കത്തിൽ ഇടപെട്ട സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ, പരസ്പരം തർക്കിക്കാതെ സഭാചട്ടപ്രകാരം സ്പീക്കറെ നോക്കി സംസാരിച്ചോളൂ എന്ന കമന്റുമായി രംഗത്തെത്തി.

അതേസമയം, സംസ്ഥാന പബ്ലിക് സർവീസ് കമ്മിഷന്റെ (പി.എസ്.സി.) ഘടനയിലോ അംഗങ്ങളുടെ എണ്ണത്തിലോ നിലവിൽ മാറ്റം വരുത്താൻ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ വ്യക്തമാക്കി. പി.എസ്.സി. അംഗങ്ങളുടെ എണ്ണമോ അവരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളോ കുറയ്ക്കുന്നത് സർക്കാരിന്റെ പരിഗണനയിലില്ലെന്നും സഭയിൽ നൽകിയ രേഖാമൂലമുള്ള മറുപടിയിൽ അദ്ദേഹം അറിയിച്ചു. മുഴുവൻ സമയ രാഷ്ട്രീയക്കാർ പി.എസ്.സി. അംഗങ്ങളാകുന്നത് തടയേണ്ട സാഹചര്യമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പി.എസ്.സി. പരീക്ഷകളിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട വിവാദങ്ങളും പി.എസ്.സി. പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് ഗവർണറായിരുന്ന രാജേന്ദ്ര അർലേക്കർ രാഷ്ട്രപതിക്ക് നൽകിയ ശുപാർശയും നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് സർക്കാരിന്റെ നിലപാട്.

പി.എസ്.സി. പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ഇതുവരെ 180 പരാതികൾ ലഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇതിൽ മൂന്ന് പരാതികളിൽ ക്രൈംബ്രാഞ്ച് അന്വേഷണവും അഞ്ച് പരാതികളിൽ പി.എസ്.സി. ആഭ്യന്തര വിജിലൻസ് അന്വേഷണവും പുരോഗമിക്കുകയാണ്. ക്രമക്കേടുകളിൽ പി.എസ്.സി. ചെയർമാനോ അംഗങ്ങളോ പങ്കാളികളായിട്ടുണ്ടോയെന്ന കാര്യത്തിലും കൃത്യമായ അന്വേഷണം നടക്കുന്നുണ്ടെന്ന് രേഖാമൂലമുള്ള മറുപടിയിൽ മുഖ്യമന്ത്രി വിശദീകരിച്ചു.

BREAKING NEWS
’ചേരാനല്ലൂർ ബെൻസ് അപകടത്തിൽ പോലീസിന്റെ ഭാ​ഗത്ത് തുടക്കത്തിൽ പാളിച്ചയുണ്ടായി ; പതിനേഴുകാരന് ജാമ്യം കൊടുത്തപ്പോൾ ആശ്ചര്യം തോന്നി, നീതി പണക്കാരനും പാവപ്പെട്ടവനും ഒരുപോലെ’- ആഭ്യന്തരമന്ത്രി
26 Oct 2026
BREAKING NEWS
"പാതിരാത്രിയിൽ ഒരു ചെറുക്കൻ ലൈസൻസില്ലാതെ എവിടെപ്പോയി എന്ന് ചോദിക്കാൻ ഒരു വർഗീയ വിഷവൃദ്ധകളേയും ഇപ്പോൾ കാണാനില്ല", മക്കളെ കേസിൽനിന്ന് ഊരിയെടുക്കാനുള്ള നെട്ടോട്ടത്തിലാണ് അപ്പന്മാരും ഉപ്പമാരും, കൊല്ലപ്പെട്ട മനുഷ്യന്റെ ശരീരം കുടുംബത്തിലെത്തും മുമ്പ് മുന്തിയവന്റെ മകന് സ്റ്റേഷൻ ജാമ്യം കിട്ടി, വിമര്‍ശനവ...
26 Oct 2026
BREAKING NEWS
കൈയ്യിൽ മറ്റൊരു ഫോണുണ്ട്, പുതിയ ഐഫോൺ 18 പ്രോയ്ക്ക് 20,000 മുതൽ 30,000 രൂപ വരെ നികുതി അടയ്ക്കണം- കസ്റ്റംസ്!! പറ്റില്ലെന്ന് പ്രവാസി വ്യവസായി... ഫോൺ പിടിച്ചെടുത്തു, എയർപോർട്ടിൽ കുത്തിയിരുന്നു പ്രതിഷേധിച്ച വ്യവസായിയെ ബലം പ്രയോഗിച്ച് പുറത്താക്കി... പിന്നാലെ കൃത്യനിർവഹണം തടസപ്പെടുത്തിയെന്നാരോപിച്ച് കേസ്
26 Oct 2026
BREAKING NEWS
ക്വാളിറ്റി ഇല്ലാത്ത ഉപകരണങ്ങളാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ വാങ്ങിക്കൂട്ടിയത്, വെന്റിലേറ്റർ അടക്കമുള്ളവ ഉപയോഗ ശൂന്യമായി കിടക്കുന്നു, തീപിടുത്തത്തിൽ നശിച്ചതില്‍ കൂടുതലും രേഖകള്‍ - അബിന്‍ വര്‍ക്കി
26 Oct 2026