മലപ്പുറം: കേരള വഖഫ് ബോർഡ് പുനഃസംഘടനയിൽ അതൃപ്തി പരസ്യമാക്കി സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ. പുനഃസംഘടനയുമായി ബന്ധപ്പെട്ട് സർക്കാർ സമസ്തയുടെ അഭിപ്രായം തേടിയിട്ടില്ലെന്നും സമസ്ത പുറത്താക്കിയ എം.പി. മുസ്തഫൽ ഫൈസിയെ ബോർഡിൽ ഉൾപ്പെടുത്തിയ കാര്യം അറിഞ്ഞിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വഖഫ് ബോർഡ് ചെയർമാനായി ചുമതലയേറ്റ എം.സി. മായിൻ ഹാജി സന്ദർശിക്കാനെത്തിയപ്പോഴാണ് ജിഫ്രി തങ്ങൾ മാധ്യമങ്ങളോട് ഇക്കാര്യം വ്യക്തമാക്കിയത്.
എന്നാൽ, മായിൻ ഹാജിയെ വഖഫ് ബോർഡ് ചെയർമാനായി തിരഞ്ഞെടുത്തതിൽ സമസ്തയ്ക്ക് വിയോജിപ്പില്ലെന്നും ജിഫ്രി തങ്ങൾ വ്യക്തമാക്കി. മായിൻ ഹാജിയിൽ പ്രതീക്ഷയുണ്ടെന്നും ചെറുപ്പംമുതൽ സമസ്തയുമായി ചേർന്നുനിന്ന് പ്രവർത്തിക്കുന്ന വ്യക്തിയെന്ന നിലയിൽ സംഘടനയുടെ ന്യായമായ ആവശ്യങ്ങൾ നീതിപൂർവം പരിഗണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വഖഫ് ബോർഡ് ചെയർമാൻ എന്ന നിലയിൽ നിഷ്പക്ഷമായും നീതിപൂർവമായും പ്രവർത്തിക്കണമെന്ന് മായിൻ ഹാജിയോട് ഉപദേശിച്ചിട്ടുണ്ടെന്നും ജിഫ്രി തങ്ങൾ വ്യക്തമാക്കി.
ബോർഡ് പുനഃസംഘടിപ്പിക്കുമ്പോഴോ അംഗങ്ങളെ നിശ്ചയിക്കുമ്പോഴോ സമസ്ത മുൻകൂട്ടി ഇടപെടാറില്ലെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. ആരെ ഉൾപ്പെടുത്തണമെന്ന കാര്യത്തിൽ സംഘടനയുടെ അഭിപ്രായം ചോദിച്ചാൽ മാത്രമാണ് നിലപാട് അറിയിക്കാറുള്ളത്. വിവിധ സംഘടനകളിൽനിന്നും വിഭാഗങ്ങളിൽനിന്നുമുള്ള ആളുകളെ വഖഫ് ബോർഡിൽ ഉൾപ്പെടുത്തുന്നതിന് അവരുടേതായ മാനദണ്ഡങ്ങളുണ്ടാകുമെന്നും അതിൽ സമസ്ത മറുപടി പറയേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുൻപ് പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് ഉമർ ഫൈസിയെ വഖഫ് ബോർഡിൽ ഉൾപ്പെടുത്തിയപ്പോഴും സമസ്തയോട് മുൻകൂട്ടി അഭിപ്രായം ചോദിച്ചിരുന്നില്ലെന്ന് ജിഫ്രി തങ്ങൾ ചൂണ്ടിക്കാട്ടി. വഖഫ് ബോർഡ് പുനഃസംഘടനയിൽ സമസ്തയുടെ അഭിപ്രായം തേടിയില്ലെന്ന നിലപാട് ആവർത്തിക്കുമ്പോഴും പുതിയ ചെയർമാനിൽ പ്രതീക്ഷയുണ്ടെന്ന സന്ദേശമാണ് ജിഫ്രി തങ്ങൾ നൽകിയത്.