തിരുവനന്തപുരം: നഗരത്തിലെ തെരുവുനായ പ്രശ്നത്തിൽ മേയർ വി.വി. രാജേഷിനെതിരെ ആരോപണവുമായി എൽ.ഡി.എഫ്. കക്ഷി നേതാവ് എസ്.പി. ദീപക്. കുറ്റിച്ചൽ പഞ്ചായത്തിൽ തിരുവനന്തപുരം നഗരസഭയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന തെരുവുനായ ഷെൽട്ടർ ഹോമിൽ നായകൾക്ക് ഭക്ഷണവും വെള്ളവും ലഭിക്കുന്നില്ലെന്നും നായകൾ ചത്തുകിടക്കുന്നതായും ദീപക് ആരോപിച്ചു. ഷെൽട്ടർ ഹോമിന്റെ നടത്തിപ്പിൽ അഴിമതിയുണ്ടെന്നും ലൈസൻസില്ലാത്തയാൾക്കാണ് നടത്തിപ്പ് ചുമതല നൽകിയതെന്നും അദ്ദേഹം ആരോപിച്ചു.
ഷെൽട്ടർ ഹോം സന്ദർശിച്ച് പകർത്തിയ ദൃശ്യങ്ങൾ പുറത്തുവിട്ടുകൊണ്ടാണ് എസ്.പി. ദീപക് ആരോപണങ്ങൾ ഉന്നയിച്ചത്. ഒരു ഷെഡ്ഡിൽ മാത്രം ഇരുന്നൂറോളം നായകളെ അടച്ചിട്ടിരിക്കുകയാണെന്നും ഇവയ്ക്ക് ആവശ്യത്തിന് തീറ്റയും വെള്ളവും ലഭിക്കുന്നില്ലെന്നുമാണ് ആരോപണം. സന്ദർശനത്തിനിടെ നായകൾ ചത്തുകിടക്കുന്നത് കണ്ടതായും മൃഗങ്ങളോട് കാണിക്കാനാകാത്ത ക്രൂരതയാണ് അവിടെ നടക്കുന്നതെന്നും ദീപക് പറഞ്ഞു.
ഒരു നായയ്ക്ക് പ്രതിദിനം 50 രൂപ വീതമാണ് നഗരസഭ നൽകുന്നതെന്നാണ് ദീപക്കിന്റെ ആരോപണം. ഈ തുകയിൽ ക്രമക്കേട് നടക്കുന്നുണ്ടെന്നും ഷെൽട്ടർ ഹോമിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് ലക്ഷങ്ങളുടെ അഴിമതിയുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
വിവരാവകാശ നിയമപ്രകാരം ലഭിച്ച വിവരങ്ങൾ അനുസരിച്ച് നഗരസഭ ഇതുവരെ 1,300 നായകളെ പിടികൂടിയിട്ടുണ്ടെന്നാണ് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നത്. എന്നാൽ, ഇതിന്റെ പകുതിപോലും ഷെൽട്ടർ ഹോമുകളിൽ കാണാനില്ലെന്നും ബാക്കിയുള്ള നായകൾ എവിടെയാണെന്നതിന് നഗരസഭ മറുപടി നൽകണമെന്നുമാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.
അതേസമയം, ആരോപണങ്ങളോട് പ്രതികരിക്കാനില്ലെന്നാണ് മേയർ വി.വി. രാജേഷിന്റെ നിലപാട്. എസ്.പി. ദീപക്കിന് നിയമനടപടി സ്വീകരിക്കാമെന്നും മേയർ പ്രതികരിച്ചു. ഷെൽട്ടർ ഹോമിലെ നായകളുടെ പരിപാലനവും നടത്തിപ്പും സംബന്ധിച്ച ആരോപണങ്ങളിൽ ഔദ്യോഗിക വിശദീകരണം പുറത്തുവന്നിട്ടില്ല.