കൊച്ചി: സ്തനാർബുദം ആരംഭത്തിലെ കണ്ടുപിടിക്കുന്നതിന്റെ പ്രാധാന്യം ഓർമ്മിപ്പിച്ചുകൊണ്ട്, 200 സ്ത്രീകൾക്ക് സൗജന്യ മാമ്മോഗ്രാം പരിശോധന ലഭ്യമാക്കുന്ന ബൃഹത് പദ്ധതിക്ക് മഞ്ചുമേൽ സെന്റ് ജോസഫ്സ് ആശുപത്രിയിൽ തുടക്കമായി. ഫിഷറീസ്-സാമൂഹികനീതി വകുപ്പ് മന്ത്രി വി.ഇ. അബ്ദുൾ ഗഫൂർ 100 മാമ്മോഗ്രാം പരിശോധനകൾക്കുള്ള തുക വ്യക്തിപരമായി വഹിക്കുമെന്ന് പ്രഖ്യാപിച്ചു. മന്ത്രിയുടെ ഈ മാതൃകാപരമായ ചുവടുവെപ്പിന് പിന്തുണയുമായി ആശുപത്രി മാനേജ്മെന്റ് 100 സൗജന്യ പരിശോധനകൾ കൂടി നൽകാൻ തീരുമാനിച്ചതോടെയാണ് 200 പേർക്ക് ഈ ആനുകൂല്യം ലഭ്യമാകുന്നത്.
ആശുപത്രി വളപ്പിൽ സംഘടിപ്പിച്ച ‘പിങ്ക് ഒക്ടോബർ’ സ്തനാർബുദ ബോധവൽക്കരണ പരിപാടിക്ക് അയച്ച സന്ദേശത്തിലാണ് മന്ത്രി ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്.
പ്രശസ്ത സംഗീതസംവിധായകനും ഗായകനുമായ എം. ജയചന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു. ശാസ്ത്രീയമായ വൈദ്യശാസ്ത്ര രീതികളുടെയും കൃത്യ സമയത്തുള്ള രോഗനിർണയത്തിന്റെയും പ്രാധാന്യം അദ്ദേഹം ഓർമ്മിപ്പിച്ചു.അർബുദത്തിനെതിരെയുള്ള പോരാട്ടത്തിൽ കൃത്യമായ ഇടവേളകളിലുള്ള പരിശോധനയും പ്രാരംഭ ഘട്ടത്തിലെ തിരിച്ചറിവുമാണ് ഏറ്റവും ഫലപ്രദമായ പ്രതിരോധമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
രോഗചികിത്സാരംഗത്തെ നൂതന സാധ്യതകളെക്കുറിച്ച് സംസാരിച്ച സന്റ് ജോസഫ്സ് ആശുപത്രി ഓങ്കോളജി വിഭാഗം മേധാവി ഡോ. തോമസ് വർഗീസ്, കോസ്മെറ്റിക് സർജറികൾ, അവയവ സംരക്ഷണ ശസ്ത്രക്രിയകൾ (Organ Preservation), ഓങ്കോപ്ലാസ്റ്റിക് സർജറികൾ തുടങ്ങിയ അത്യാധുനിക രീതികൾ അർബുദ ചികിത്സയിൽ വരുത്തിയ വിപ്ലവകരമായ മാറ്റങ്ങൾ വിശദീകരിച്ചു. രോഗമുക്തി വേഗത്തിലാക്കാനും ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള ജീവിതനിലവാരം മെച്ചപ്പെടുത്താനും ഇത്തരം സാങ്കേതികവിദ്യകൾ വലിയതോതിൽ സഹായിക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
അവയവ സംരക്ഷണ ശസ്ത്രക്രിയയ്ക്ക് വിധേയരായി രോഗമുക്തി നേടി 25 വർഷം പൂർത്തിയാക്കിയ കാൻസർ അതിജീവിതരെ ചടങ്ങിൽ പൊന്നാട അണിയിച്ച് ആദരിച്ചു.
സ്തനാർബുദത്തെക്കുറിച്ചുള്ള അനാവശ്യ ഭയവും സംശയങ്ങളും മാറ്റിവെച്ച് കൃത്യമായ ബോധവൽക്കരണത്തിനും പരിശോധനകൾക്കും സ്ത്രീകൾ മുന്നോട്ടുവരണമെന്ന് യോഗം അഭ്യർഥിച്ചു.
സെന്റ് ജോസഫ്സ് ആശുപത്രി ഡയറക്ടർ ഫാ. ലൽജു പൊളപ്പപറമ്പിൽ, കൊച്ചി കോർപ്പറേഷൻ മേയർ വി.കെ.മിനിമോൾ, ഐ.എം.എ. കൊച്ചി പ്രസിഡന്റ് ഡോ. വിനോദ് പദ്മനാഭൻ, റോട്ടറി ഗവർണർ ഡോ. സി.എം.രാധാകൃഷ്ണൻ, ചലച്ചിത്രതാരം അഞ്ജലി നായർ, ജീവനീയം മെഡിപോൾസ് സ്ഥാപക ഡോ. രശ്മി പ്രമോദ്,മാധ്യമപ്രവർത്തകരായ ലക്ഷ്മി പദ്മ, ക്രിസ്റ്റീന ചെറിയാൻ, ഫാ. അനു പ്രതാപ് എന്നിവരും ചടങ്ങിൽ സംസാരിച്ചു.