ന്യൂഡൽഹി: ആഘോഷവേളകളിൽ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനും പ്രകോപനങ്ങളിൽ വീഴാതിരിക്കാനും പ്രവർത്തകരോടും വോളന്റിയർമാരോടും അഭ്യർഥിച്ച് സിജെപി സ്ഥാപകൻ അഭീജിത് ദീപ്‌കെ. പ്രതിഷേധങ്ങൾക്ക് താത്കാലിക ഇടവേള നൽകുന്നതിന്റെ സൂചനയായി വിലയിരുത്തപ്പെടുന്ന വീഡിയോ സന്ദേശം അദ്ദേഹം എക്‌സിലൂടെ പങ്കുവെച്ചു. സംഘടനയുമായി ബന്ധപ്പെട്ട പ്രവർത്തകർ കസ്റ്റഡിയിലുള്ള സാഹചര്യത്തിലാണ് ദീപ്‌കെയുടെ പ്രതികരണം.
പ്രതിഷേധങ്ങളിലും സംഘർഷങ്ങളിലും പങ്കെടുത്തവരുടെ കുടുംബങ്ങൾ ആശങ്കയിലായിരിക്കാമെന്ന് ദീപ്‌കെ പറഞ്ഞു. പൂജ ആഘോഷങ്ങളുടെ പശ്ചാത്തലത്തിൽ എല്ലാവരും തങ്ങളെ സ്നേഹിക്കുന്നവർക്കൊപ്പം സമയം ചെലവഴിക്കണം. കഴിഞ്ഞ ദിവസങ്ങളിൽ ആത്മാർഥമായി സംഘടനയ്ക്കൊപ്പം നിന്ന പ്രവർത്തകരോട് നന്ദിയും അദ്ദേഹം രേഖപ്പെടുത്തി. ഇത്രയധികം ആത്മാർഥതയുള്ള ആളുകളെ ഒപ്പം ലഭിച്ചതിൽ താൻ ഭാഗ്യവാനാണെന്നും ദീപ്‌കെ പറഞ്ഞു.
കഴിഞ്ഞ കുറച്ചു ദിവസങ്ങൾ എളുപ്പമുള്ളതായിരുന്നില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, കുടുംബത്തോടൊപ്പം കഴിയാനും പ്രിയപ്പെട്ടവരെ ചേർത്തുനിർത്താനും പ്രവർത്തകരോട് ആവശ്യപ്പെട്ടു. തങ്ങൾ പോരാടുന്നത് വെറുപ്പിനെതിരെയാണെന്നും ആ വെറുപ്പ് സ്വന്തം മനസ്സിലേക്ക് കടക്കാൻ അനുവദിക്കരുതെന്നും അദ്ദേഹം ഓർമിപ്പിച്ചു. പ്രകോപനങ്ങളിൽ വീഴാതെ സംയമനം പാലിക്കണം. വികാരങ്ങളും കരുണയും ബലഹീനതയല്ല, മറിച്ച് ഏറ്റവും വലിയ ശക്തിയാണെന്നും ദീപ്‌കെ സന്ദേശത്തിൽ പറഞ്ഞു.
കസ്റ്റഡിയിലുള്ള പ്രവർത്തകർ സമാധാനപരമായ പ്രതിഷേധത്തിന്റെ പാതയിലാണ് മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ജയിലിൽ കഴിയുന്ന സൗരവ് ദാസിനെയും അശുതോഷിനെയും ആഘോഷവേളയിൽ ഓർക്കണമെന്നും ദീപ്‌കെ അഭ്യർഥിച്ചു.
ദീപ്‌കെയുടെ സഹപ്രവർത്തകരായ സൗരവ് ദാസിന്റെയും അശുതോഷിന്റെയും ജുഡീഷ്യൽ കസ്റ്റഡി ഒക്ടോബർ 21 വരെ കോടതി നീട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രവർത്തകരോടും വോളന്റിയർമാരോടും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനും പ്രകോപനങ്ങളിൽ നിന്ന് വിട്ടുനിൽക്കാനും ആഹ്വാനം ചെയ്തുകൊണ്ടുള്ള ദീപ്‌കെയുടെ വീഡിയോ പുറത്തുവന്നത്.