തിരുവനന്തപുരം: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ വിദേശയാത്രയെ ന്യായീകരിച്ച് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി. രാഹുൽ ഗാന്ധിയുടെ യാത്രയെച്ചൊല്ലിയുള്ള ബിജെപിയുടെ പ്രചാരണം ജനങ്ങളിൽ ആശയക്കുഴപ്പമുണ്ടാക്കാനാണെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാനങ്ങൾ സന്ദർശിക്കുന്നതിനെക്കാൾ കൂടുതൽ വിദേശയാത്രകളാണ് നടത്തിയതെന്നും ബേബി വിമർശിച്ചു.
മണിപ്പൂർ കലാപത്തിൽ കത്തിയെരിയുമ്പോഴും മോദി വിദേശയാത്ര നടത്തിയ ആളാണെന്ന് എം.എ. ബേബി കുറ്റപ്പെടുത്തി. രാഷ്ട്രീയ നേതാക്കൾ എങ്ങനെ സമരം മുന്നോട്ടുകൊണ്ടുപോകണമെന്ന് തീരുമാനിക്കുന്നത് അതത് പാർട്ടികളുടെ താൽപര്യങ്ങൾക്കനുസരിച്ചാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യാ സഖ്യം യോജിച്ചാണ് സമരരംഗത്തുള്ളത്. സംയുക്ത സമരത്തിന് തടസ്സമുണ്ടാക്കുന്ന തരത്തിലുള്ള പ്രതികരണങ്ങൾ പ്രതീക്ഷിക്കേണ്ടതില്ലെന്നും ബേബി പറഞ്ഞു. പാർട്ടി പരിപാടികളിൽ പറയേണ്ട കാര്യങ്ങൾ അവിടെ പറയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.