മുംബൈ: ബോളിവുഡ് നടൻ ടൈഗർ ഷ്റോഫിന്റെ വാഹനത്തിന് നേരെ വെടിവെപ്പ് നടത്തിയ കേസിൽ അറസ്റ്റിലായ പ്രധാന പ്രതി ഹൃതിക് കുമാർ എന്ന റോഷൻ, പൊലീസ് പിടിയിലാകാതിരിക്കാൻ മുൻകൂട്ടി ആസൂത്രണം നടത്തിയിരുന്നതായി റിപ്പോർട്ട്. തിരിച്ചറിയപ്പെടാതിരിക്കാൻ മുടി വെട്ടി രൂപമാറ്റം വരുത്തിയ ഇയാൾ ഒളിവിൽ കഴിയുന്നതിനായി വാടകവീടുകൾ മാറിമാറി താമസിച്ചിരുന്നതായാണ് വിവരം.
ബിഹാറിലെ ബെഗുസരായി സ്വദേശിയായ ഹൃതിക്, ആക്രമണത്തിന് ഏകദേശം രണ്ടു മാസം മുൻപ് നീളമുള്ള മുടി വെട്ടി മൊട്ടയടിച്ച് രൂപംമാറ്റം വരുത്തിയെന്നാണ് പൊലീസ് അന്വേഷണവുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ. ആക്രമണത്തിനായി റിക്രൂട്ട് ചെയ്യപ്പെട്ടതിനു ശേഷമാണ് ഇയാൾ താമസസ്ഥലങ്ങൾ ഇടയ്ക്കിടെ മാറ്റാൻ തുടങ്ങിയതെന്നും റിപ്പോർട്ടിലുണ്ട്. ആക്രമണം നടത്തിയ സമയത്ത് മുടി വീണ്ടും വളർന്നുതുടങ്ങിയിരുന്നു.
അറസ്റ്റിലായ ശേഷം ഇയാൾ പൊലീസിന് നൽകിയ വിലാസം മാസങ്ങൾക്കു മുൻപ് ഒഴിഞ്ഞുപോയ പഴയ വാടകവീടിന്റേതായിരുന്നുവെന്നാണ് വിവരം. ഏകദേശം നാലു വർഷം മുൻപ് മുംബൈയിലെത്തിയ ഇയാൾ റാപ്പിഡോ ഡ്രൈവറായും ഡെലിവറി തൊഴിലാളിയായും ജോലി ചെയ്തുവരികയായിരുന്നു. അധികം സംസാരിക്കാത്ത ഇയാളെ സാധാരണ ഡെലിവറി തൊഴിലാളിയായാണ് കണ്ടിരുന്നതെന്നും ആക്രമണക്കേസിൽ പ്രതിയായെന്നറിഞ്ഞപ്പോൾ ഞെട്ടിയെന്നും അയൽവാസികളെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
ഞായറാഴ്ച വൈകുന്നേരമാണ് ടൈഗർ ഷ്റോഫിന്റെ വാഹനത്തിന് നേരെ വെടിവെപ്പുണ്ടായത്. കേസിൽ ഹൃതിക് കുമാറിനെ കൂടാതെ ഹരിയാണയിലെ സോണിപ്പട്ട് സ്വദേശിയായ റെഹാൻ (18), ഹരിയാണ സ്വദേശിയായ ഫൂൽ സിങ് (18) എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കുപ്രസിദ്ധ കുറ്റവാളി ലോറൻസ് ബിഷ്ണോയിയുടെ സംഘത്തിന്റെ നിർദേശപ്രകാരമാണ് ആക്രമണം നടത്തിയതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.