കോവളം: കോവളത്തെ ഡ്രീംസ് സ്പായിൽ പതിനാറുകാരി നേരിട്ടത് കൊടും പീഡനം. ഒരു ദിവസം പതിനഞ്ചോളം പേരാണ് പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത്. കുട്ടിയുടെ ദേഹത്ത് പൊള്ളലേൽപ്പിച്ചു. തുടർച്ചയായ പീഡനത്തെ തുടർന്ന് സ്വകാര്യഭാഗങ്ങളിൽ അണുബാധയുണ്ടായി. വഴങ്ങിയില്ലെങ്കിൽ മാതൃസഹോദരി ദേഹത്ത് തീവെച്ച് പൊള്ളലേൽപ്പിക്കും. പീഡനമുറിക്ക് പുറത്ത് കാവലിന് ആളെ ഏർപ്പാടാക്കിയിരുന്നു.
ബെംഗളൂരുവിലുള്ള യുവതി മുഖേന സ്പാ ഉടമ സജിത്താണ് കുട്ടിയെ കോവളത്ത് എത്തിച്ചത്. മനുഷ്യക്കടത്തിന് കൂടി പോലീസ് കേസെടുത്തിട്ടുണ്ട്. മാതൃസഹോദരിയുടെയും ഭർത്താവിന്റെയും സി.ഡി.ആർ വിവരങ്ങൾ ശേഖരിച്ചു. പ്രതികൾ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നാണ് പോലീസ് പറയുന്നത്.
ജൂലായ് മുതലുള്ള സ്പാ സന്ദർശക ലിസ്റ്റ് പോലീസ് തയ്യാറാക്കുന്നുണ്ട്. പട്ടികയിലുള്ളവരുമായി പതിനാറുകാരിക്കൊപ്പം പോലീസ് തിരിച്ചറിയൽ പരേഡ് നടത്തും. തിരിച്ചറിയൽ പരേഡിൽ പെൺകുട്ടി തിരിച്ചറിയുന്നവർക്കെതിരെ പോക്‌സോ ചുമത്തും. പ്രതികളുടെ അക്കൗണ്ടിലേക്ക് ദിവസവും 5000 രൂപ വരെ എത്തിയിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ബാങ്ക് ഇടപാടുകളും ഇടപാടുകാരെ എത്തിച്ച ഓട്ടോ ഡ്രൈവർമാരുടെ പങ്കും പോലീസ് പരിശോധിക്കുന്നുണ്ട്. കൂടുതൽ തെളിവുകൾക്കായി പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും.
പെൺകുട്ടിയെ ഒരു വർഷം മുമ്പാണ് കോവളത്ത് എത്തിച്ചത്. അച്ഛനും അമ്മയും മരിച്ചുപോയതിനെ തുടർന്ന് ജോലിക്കെത്തിയതാണ് എന്നു പറഞ്ഞാണ് അമ്മയുടെ സഹോദരി നാഗലക്ഷ്മിയും ഇവരുടെ ആൺസുഹൃത്ത് ഗോപിയും ചേർന്ന് കുട്ടിയെ കോവളത്തേക്കയച്ചത്.
തുടർന്ന് പ്രതികളുടെ സ്പാകളിലും മറ്റിടങ്ങളിലും എത്തിച്ച് ഭീഷണിപ്പെടുത്തി പീഡനത്തിനിരയാക്കിയിരുന്നു. ഒരുവർഷത്തോളം പീഡനത്തിനിരയാക്കിയെന്നാണ് പെൺകുട്ടി പോലീസിനോട് പറഞ്ഞത്. പീഡനം സഹിക്കവെയ്യാതെ, സ്പായിൽ തന്നെയുള്ള ആൺസുഹൃത്തായ കാട്ടാക്കട സ്വദേശിയോടൊപ്പം പെൺകുട്ടി രക്ഷപ്പെടുകയായിരുന്നു. കുട്ടിയെ കാണാതായതോടെ നാഗലക്ഷ്മിയും ഗോപിയും കോവളം പോലീസിൽ പരാതി നൽകുകയായിരുന്നു. പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ സ്പായിലെ ജീവനക്കാരായ സജിത്ത് കുമാർ, നിഷാന്ത് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവർ റിമാൻഡിലാണ്.