കൊച്ചി: ഗൂഗിൾ പേ വഴി പണം അയച്ചതായി വ്യാജ സ്ക്രീൻഷോട്ട് കാണിച്ച് 10,000 രൂപ തട്ടിയെടുത്ത കേസിൽ യുവാവ് അറസ്റ്റിൽ. പെരുമ്പാവൂർ കാഞ്ഞിരക്കാട് പള്ളിപ്പടി ഭാഗത്ത് കോന്നംകുടി വീട്ടിൽ ആസിഫ് കെ. ഹസൻ (28) ആണ് മൂവാറ്റുപുഴ പോലീസിന്റെ പിടിയിലായത്. മൂവാറ്റുപുഴ എസ്.എച്ച്.ഒ സുബിൻ ബിജുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
എടിഎമ്മിൽ പണം നിക്ഷേപിക്കാനെത്തിയ വ്യക്തിയെയാണ് പ്രതി തട്ടിപ്പിനിരയാക്കിയത്. എടിഎമ്മിൽനിന്ന് പണം പിൻവലിക്കാൻ കഴിയുന്നില്ലെന്നും പണം നൽകിയാൽ ഗൂഗിൾ പേ വഴി തിരികെ അയച്ചുതരാമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. തുടർന്ന് പണം കൈപ്പറ്റിയ ശേഷം ഗൂഗിൾ പേ വഴി പണം അയച്ചതായി തോന്നിക്കുന്ന വ്യാജ സ്ക്രീൻഷോട്ട് കാണിക്കുകയായിരുന്നു. ഈ മാസം 14-നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
സമാനമായ തട്ടിപ്പുകേസിൽ നേരത്തേ റിമാൻഡിൽ കഴിഞ്ഞിട്ടുള്ള പ്രതി, ഇത്തരത്തിൽ കൂടുതൽ തട്ടിപ്പുകൾ നടത്തിയിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.
എസ്.ഐമാരായ ആർ.ബി. റോഷ്നി, സി.ബി. അനിൽകുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സന്ദീപ് ബാബു, ഇർഫാൻ ഹബീബ്, എം.പി. രതീഷ്, ശ്രീജു രാജൻ, വിപിൻ വർക്കി, ഷിജു രാജപ്പൻ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.