ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെയും വോട്ടർ പട്ടികയിലെ ക്രമക്കേടുകൾക്കെതിരെയും സിജെപി പ്രഖ്യാപിച്ച ‘തിരംഗ മാർച്ചിന്’ തൊട്ടുമുമ്പ് കസ്റ്റഡിയിലെടുക്കാനെത്തിയ ഡൽഹി പോലീസും പാർട്ടി സ്ഥാപകൻ അഭിജിത് ദീപ്കെയും തമ്മിൽ രൂക്ഷമായ തർക്കം. റാലിയിൽ പങ്കെടുക്കരുതെന്ന നിർദേശവുമായി പോലിസുകാർ ന്യൂഡൽഹിയിലെ വീട്ടിലെത്തിയപ്പോഴാണ് “എന്നെ തൂക്കിക്കൊല്ലൂ, അത്രയ്ക്ക് എന്ത് കുറ്റമാണ് ഞാൻ ചെയ്തത്?” എന്ന് ചോദിച്ച് ദീപ്കെ പൊട്ടിത്തെറിച്ചത്.
ഞാൻ നിയമം ലംഘിച്ചിട്ടില്ല. എങ്ങനെയാണ് എന്നെ കസ്റ്റഡിയിൽ എടുക്കാനാകുന്നത്? ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് എന്നെ കസ്റ്റഡിയിൽ എടുക്കുന്നത്?- ഡൽഹി പോലീസിനോട് ദിപ്കെ ചോദിച്ചു. എന്നാൽ പ്രതിരോധമെന്നോണമാണ് നടപടി എന്നായിരുന്നു ഡൽഹി പോലീസിന്റെ മറുപടി.
അതുപോലെ സാമൂഹിക മാധ്യമങ്ങളിലൂടെ ജനങ്ങളെ പ്രകോപിപ്പിച്ചു എന്നാരോപിച്ച് പോലീസ് നൽകിയ നോട്ടീസും ദീപ്കെ ചോദ്യം ചെയ്തു. അക്രമത്തിന് ആഹ്വാനം ചെയ്യുന്ന ഒരൊറ്റ വീഡിയോ എങ്കിലും കാണിക്കാൻ പോലീസിനെ വെല്ലുവിളിച്ച അദ്ദേഹം, തങ്ങൾ ഗാന്ധിയൻ രീതിയിലുള്ള അഹിംസാത്മക പ്രതിഷേധമാണ് നടത്തുന്നതെന്നും പോലീസിനോട് പറഞ്ഞു.
അതേസമയം കൊണാട്ട് പ്ലേസിലെ സെൻട്രൽ പാർക്കിൽ ദേശീയ പതാകയേന്തി പ്രതിഷേധിക്കാൻ പാർട്ടി പ്രവർത്തകരോടും പൊതുജനങ്ങളോടും സിജെപി ആഹ്വാനം ചെയ്തിരുന്നു. എന്നാൽ സുരക്ഷാ കാരണങ്ങളാൽ വെള്ളിയാഴ്ചയും ശനിയാഴ്ചയും സെൻട്രൽ പാർക്ക് അടച്ചിടാൻ ഭരണകൂടം ഉത്തരവിട്ടു.