ഗുവാഹത്തി; മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനും എസ്ഐആറിലൂടെയുള്ള വോട്ടുവെട്ടലിനുമെതിരെ ഇന്ത്യാ സഖ്യത്തി പ്രതിഷേധം കനക്കുന്നതിനിടെ കോൺഗ്രസിനെയും രാഹുൽ ഗാന്ധിയേയും വെല്ലുവിളിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. ഇലക്ട്രോണിക് വോട്ടിങ് മെഷീനിൽനിന്ന് ബാലറ്റ് പേപ്പറിലേക്ക് മാറണമെന്ന കോൺഗ്രസിന്റെ ആവശ്യത്തെയാണ് ഹിമന്ത വിമർശിച്ചത്. കോൺഗ്രസിന്റെ നേതൃത്വത്തിൽ അധികാരത്തിലേറിയ കേരളത്തിലെയും തെലങ്കാനയിലെയും കർണാടകയിലെയും സർക്കാരുകൾ രാജിവയ്ക്കാൻ തയാറായാൽ താനും രാജിവച്ച് ബാലറ്റ് പേപ്പറിലൂടെ മത്സരിക്കാൻ തയാറാണെന്നായിരുന്നു ഹിമന്തയുടെ വെല്ലുവിളി.
‘‘രാഹുൽ ഗാന്ധിയും കോൺഗ്രസും അവർ അധികാരത്തിലുള്ള സംസ്ഥാനങ്ങളിലെ സർക്കാരുകളോട് രാജിവയ്ക്കാൻ ആവശ്യപ്പെട്ടാൽ ബാലറ്റ് പേപ്പറിലൂടെ തിരഞ്ഞെടുപ്പിനെ നേരിടാൻ ഞാനും തയാറാണ്. കേരളം, കർണാടക, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെ സർക്കാരുകൾ രാജിവയ്ക്കാൻ തയാറാകണം. കാരണം ഈ സർക്കാരുകളും ഗ്യാനേഷ് കുമാറിന്റെ കീഴിൽ ‘വോട്ട് ചോരി’യിലൂടെ അധികാരത്തിലേറിയതാണ്.
ഇപ്പോൾ കോൺഗ്രസിന്റെ പ്രതിഷേധത്തിൽ പങ്കെടുക്കാൻ കൂടി ആവശ്യത്തിന് ആളുകളില്ല. അതുകൊണ്ട് അവർക്ക് അസമിൽനിന്ന് ഉൾപ്പെടെ രാജ്യത്തിന്റെ പലയിടത്തു നിന്നും ആളുകളെ വിലയ്ക്കെടുത്ത് ഡൽഹിയിൽ എത്തിക്കേണ്ട അവസ്ഥയാണ്.’’– ഗുവാഹത്തിയിൽ നടന്ന വാർത്താസമ്മേളനത്തിൽ ഹിമന്ത ആരോപിച്ചു.
എസ്ഐആറിനെ പിന്തുണച്ച ഹിമന്ത അത് രാജ്യത്തിന് അനിവാര്യമായ ഒന്നാണെന്നും പറഞ്ഞു. ‘‘എസ്ഐആർ ഇന്ത്യയ്ക്ക് അത്യാവശ്യമാണ്. അസം, ബംഗാൾ, ജാർഖണ്ഡ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ ജനസംഖ്യയിൽ ഉണ്ടായ വൻ മാറ്റം അനധികൃത കുടിയേറ്റത്തെ തുടർന്നാണ്. അനധികൃതമായ കടന്നുകയറ്റങ്ങൾ ഒരോ ദിവസവും നടക്കുന്നുണ്ട്. അവരുടെ പേരുകൾ വോട്ടർപട്ടികയിൽനിന്ന് ഒഴിവാക്കാൻ കഴിഞ്ഞില്ലെങ്കിൽ ഇന്ത്യയുടെ ജനസംഖ്യ തന്നെ ആകെ മാറും. എല്ലാ അഞ്ചു വർഷവും എസ്ഐആർ വേണമെന്നാണ് ഞാൻ ആവശ്യപ്പെടുന്നത്. എങ്കിൽ മാത്രമേ ഇന്ത്യയുടെ ജനാധിപത്യത്തെ സംരക്ഷിക്കാനാകൂ.’’– ഹിമന്ത പറഞ്ഞു. കോൺഗ്രിസിന്റെ പ്രതിഷേധത്തിൽ ജനപിന്തുണയില്ലെന്നും രണ്ടായിരമോ മൂവായിരമോ ആളുകൾ മാത്രമാണ് പ്രതിഷേധത്തിന്റെ ഭാഗമായി ഉള്ളതെന്നും അദ്ദേഹം ആരോപിച്ചു. ഇന്ത്യയുടെ വളർച്ച ആഗ്രഹിക്കാൻ ഏതാനും ദിമാഗി നക്സലുകളാണ് സമരത്തെ ഇപ്പോൾ പിന്തുണയ്ക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.