കീവ്: കിഴക്കൻ യുക്രെയ്ൻ നഗരമായ ക്രാമറ്റോർസ്കിൽ സർവീസ് നടത്തുകയായിരുന്ന രണ്ട് യാത്രാ ബസുകൾക്ക് നേരെ റഷ്യ നടത്തിയ അതിശക്തമായ ഗ്ലൈഡ് ബോംബ് ആക്രമണത്തിൽ 30 പേർ കൊല്ലപ്പെട്ടു. 18 പേർക്ക് ഗുരുതരമായി പരുക്കേറ്റു. വ്യാഴാഴ്ച രാവിലെയാണ് ജനവാസ മേഖലയെയും സാധാരണക്കാരായ യാത്രാക്കാരെയും ലക്ഷ്യമിട്ട് റഷ്യൻ വ്യോമാക്രമണം ഉണ്ടായതെന്ന് ഡൊണെട്സ്ക് റീജനൽ പ്രോസിക്യൂട്ടർ ഓഫിസ് ഔദ്യോഗികമായി സ്ഥിരീകരിച്ചു.
യാത്രക്കാരുമായി റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന രണ്ട് ബസുകൾക്കു നേരെയാണ് ആക്രമണം നടത്തിയത്. സമീപത്തെ ഒരു അപ്പാർട്മെന്റ് സമുച്ചയത്തിനും കനത്ത നാശനഷ്ടമുണ്ടായി. കത്തിയമർന്ന ബസുകളുടെയും റോഡിൽ ചിതറിക്കിടക്കുന്ന മൃതദേഹങ്ങളുടെയും ദൃശ്യങ്ങൾ യുക്രെയ്ൻ അധികൃതർ പുറത്തുവിട്ടു. വ്യാഴാഴ്ചയാണ് ആക്രമണം നടന്നത്.
ഡൊണെറ്റ്സ്ക് മേഖലയിലെ ക്രാമറ്റോർസ്കിൽ പൊതുഗതാഗത സംവിധാനത്തെ ലക്ഷ്യമിട്ടാണ് റഷ്യൻ സേന ആക്രമണം നടത്തിയതെന്ന് പ്രാദേശിക ഭരണാധികാരി വാദിം ഫിലാഷ്കിൻ ആരോപിച്ചു. രണ്ട് നഗര ബസുകൾ സർവീസ് നടത്തിയിരുന്ന റോഡിലാണ് ആക്രമണമുണ്ടായതെന്ന് പോലീസ് പറഞ്ഞു. ബസ് സ്റ്റോപ്പിന് സമീപമാണ് ആക്രമണം നടന്നതെന്ന് യുക്രൈൻ പ്രസിഡന്റ് വ്ലാഡിമിർ സെലൻസ്കിയും വ്യക്തമാക്കി.
സാധാരണ യുദ്ധത്തിന്റെ ഭാഗമായുണ്ടാകുന്ന നാശനഷ്ടങ്ങളോ, കണക്കുകളോ മാത്രമല്ല ഇതെന്നും റഷ്യൻ സൈന്യം കൊലപ്പെടുത്തിയ മനുഷ്യരാണ് ഇരകളെന്നും ഫിലാഷ്കിൻ പറഞ്ഞു. യുക്രൈൻ മണ്ണിലേക്ക് റഷ്യ എത്തുന്നത് മരണവുമായി ബന്ധപ്പെട്ടാണെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം യുക്രൈനിലുടനീളം റഷ്യ ശക്തമായ വ്യോമാക്രമണം നടത്തിയതിന് തൊട്ടുപിന്നാലെയാണ് ക്രാമറ്റോർസ്കിലെ ആക്രമണം. കഴിഞ്ഞ ദിവസം നടന്ന വൻതോതിലുള്ള ഡ്രോൺ, മിസൈൽ ആക്രമണങ്ങളിൽ നിരവധി പേർ കൊല്ലപ്പെട്ടിരുന്നു. യുക്രൈനിലെ വൈദ്യുതി ശൃംഖലയെ തകർക്കുന്നതിലാണ് ആ ആക്രമണത്തിന്റെ വലിയൊരു ഭാഗം കേന്ദ്രീകരിച്ചതെന്ന് അധികൃതർ പറഞ്ഞു.
ഡൊണെറ്റ്സ്ക് മേഖലയിലെ യുക്രൈൻ നിയന്ത്രണത്തിലുള്ള പ്രധാന പ്രതിരോധ നഗരങ്ങൾ ഉൾപ്പെടുന്ന ‘ഫോർട്രസ് ബെൽറ്റ്’ മേഖലയിൽ റഷ്യ ഡ്രോൺ, ഗൈഡഡ് ബോംബ് ആക്രമണങ്ങൾ ശക്തമാക്കിയിരിക്കുകയാണ്. മേഖലയിലെ പ്രതിരോധത്തിന്റെ നട്ടെല്ലായി യുക്രൈൻ അധികൃതർ കണക്കാക്കുന്ന പ്രദേശങ്ങളാണിവ. അതുപോലെ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള വ്യവസ്ഥയായി ഡൊണെറ്റ്സ്ക് മേഖലയിലെ കീവിന്റെ നിയന്ത്രണത്തിലുള്ള ശേഷിക്കുന്ന പ്രദേശങ്ങൾ കൂടി വിട്ടുനൽകണമെന്ന് റഷ്യ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഈ ആവശ്യം യുക്രൈൻ നിരസിച്ചിരിക്കുകയാണ്.
യുദ്ധത്തിന്റെ ഗതി മാറ്റുന്ന ഗ്ലൈഡ് ബോംബുകൾ
റഷ്യയുടെ യുക്രൈൻ അധിനിവേശത്തിൽ സ്വയം നിയന്ത്രിത സംവിധാനങ്ങൾക്കും ദൂരത്തുനിന്ന് പ്രയോഗിക്കാവുന്ന ആയുധങ്ങൾക്കും പ്രാധാന്യം വർധിച്ചുവരികയാണ്. ഇതിൽ റഷ്യ വ്യാപകമായി ഉപയോഗിക്കുന്ന ആയുധങ്ങളാണ് ഗ്ലൈഡ് ബോംബുകൾ. സാധാരണ ഗൈഡൻസ് ഇല്ലാത്ത ബോംബുകളിൽ നിന്ന് വ്യത്യസ്തമായി, ഗ്ലൈഡ് ബോംബുകളിൽ വിന്യസിക്കാവുന്ന ചിറകുകൾ ഉൾപ്പെടെയുള്ള എയറോഡൈനാമിക് ഘടകങ്ങളുണ്ട്. വിമാനം ബോംബ് പുറത്തുവിട്ടശേഷം കൂടുതൽ ദൂരം സഞ്ചരിച്ച് ലക്ഷ്യത്തിലെത്താൻ ഇത് സഹായിക്കുന്നു.
സാറ്റലൈറ്റ്, ഇൻർഷ്യൽ നാവിഗേഷൻ സംവിധാനങ്ങൾ സംയോജിപ്പിച്ച ഗൈഡൻസ് സംവിധാനമാണ് ഇവയിൽ ഉപയോഗിക്കുന്നത്. ഇതുവഴി താരതമ്യേന കൃത്യതയോടെ ലക്ഷ്യങ്ങൾ ആക്രമിക്കാൻ കഴിയും. റഷ്യയുടെ Su-34, Su-35 യുദ്ധവിമാനങ്ങൾക്ക് റഷ്യൻ നിയന്ത്രണത്തിലുള്ള പ്രദേശത്തിന്റെ ഉള്ളിൽനിന്നുതന്നെ ഇത്തരം ബോംബുകൾ പ്രയോഗിക്കാൻ സാധിക്കും. അതിനാൽ യുക്രൈന്റെ വ്യോമപ്രതിരോധ സംവിധാനങ്ങളിൽ നിന്ന് റഷ്യൻ വിമാനങ്ങൾക്ക് കൂടുതൽ അകലം പാലിക്കാനാകും.
പഴയ സോവിയറ്റ് കാലത്തെ FAB-500, FAB-1500 ബോംബുകളെ കൃത്യതയുള്ള ഗ്ലൈഡ് ആയുധങ്ങളാക്കി മാറ്റാൻ റഷ്യ Unified Gliding and Correction Module (UMPK) പോലുള്ള കൺവർഷൻ കിറ്റുകളാണ് ഉപയോഗിക്കുന്നത്. ഇതിനുപുറമെ മെച്ചപ്പെട്ട എയറോഡൈനാമിക് രൂപകൽപ്പനയുള്ള UMPB പോലുള്ള പ്രത്യേകമായി വികസിപ്പിച്ച ആയുധങ്ങളും റഷ്യ ഉപയോഗിക്കുന്നുണ്ട്. ഇവയ്ക്ക് ഏകദേശം 90 കിലോമീറ്റർ വരെ ദൂരപരിധിയുണ്ടെന്നാണ് റിപ്പോർട്ട്.
താരതമ്യേന കുറഞ്ഞ ചെലവിൽ വലിയ തോതിൽ ഇത്തരം ആയുധങ്ങൾ ഉപയോഗിക്കാനാകുന്നതും അവയിൽ വലിയ അളവിലുള്ള സ്ഫോടക വസ്തുക്കൾ വഹിക്കാനാകുന്നതുമാണ് റഷ്യയ്ക്ക് ഗ്ലൈഡ് ബോംബുകളെ വ്യാപകമായി ഉപയോഗിക്കാൻ സഹായിക്കുന്ന പ്രധാന ഘടകങ്ങൾ.
അതേസമയം സാധാരണക്കാരെ പരമാവധി കൊന്നൊടുക്കുക എന്ന വ്യക്തമായ ലക്ഷ്യത്തോടെയാണ് റഷ്യ പൊതുഗതാഗത സംവിധാനങ്ങൾക്ക് നേരെ ബോംബെറിഞ്ഞതെന്ന് റീജനൽ ഗവർണർ വാദിം ഫിലാഷ്കിൻ കുറ്റപ്പെടുത്തി. ‘ഒറ്റ ആക്രമണത്തിൽ കൂടുതൽ ആളുകളെ കൊലപ്പെടുത്താൻ സാധിക്കും എന്നതുകൊണ്ടാണ് യാത്രക്കാർ നിറഞ്ഞ ബസുകളെ റഷ്യ ലക്ഷ്യമിട്ടത്. യുദ്ധനിയമങ്ങളും രാജ്യാന്തര മാനുഷിക മൂല്യങ്ങളും പൂർണ്ണമായും കാറ്റിൽപ്പറത്തിക്കൊണ്ട് സാധാരണക്കാർക്ക് പരമാവധി വേദന സമ്മാനിക്കാനാണ് റഷ്യൻ സൈന്യം ശ്രമിക്കുന്നത്’– ഗവർണർ തുറന്നടിച്ചു.
സംഭവത്തിൽ യുദ്ധക്കുറ്റത്തിന് കേസെടുത്ത് പ്രാഥമികാന്വേഷണം ആരംഭിച്ചതായി പ്രോസിക്യൂട്ടർമാർ വ്യക്തമാക്കി. തുടർ ആക്രമണ സാധ്യത കണക്കിലെടുത്ത് ക്രാമറ്റോർസ്കിലും സമീപ നഗരമായ സ്ലോവിയൻസ്കിലും പൊതുഗതാഗത സർവീസുകൾ അടിയന്തരമായി നിർത്തിവച്ചതായി അധികൃതർ അറിയിച്ചു.




