തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ വ്യാജ ഒപ്പ് വിവാദത്തിൽ എൽ.ഡി.എഫ്. നേതാവ് എസ്.പി. ദീപക്കിനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്ത് മേയർ വി.വി. രാജേഷ്. മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തി തനിക്ക് മാനസികമായി ബുദ്ധിമുട്ടുണ്ടാക്കിയെന്ന് ആരോപിച്ചാണ് അഞ്ച് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മേയർ നിയമനടപടി സ്വീകരിച്ചത്. 15 ദിവസത്തിനകം മറുപടി നൽകിയില്ലെങ്കിൽ തുടർ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും വക്കീൽ നോട്ടീസിൽ വ്യക്തമാക്കുന്നു.
നേരത്തെ കോർപ്പറേഷനിലെ ഹാജർ ബുക്കിൽ കൗൺസിലർ ആർ. സുഗതന്റെ വ്യാജ ഒപ്പ് രേഖപ്പെടുത്തിയെന്ന പരാതിയിൽ മേയർ വി.വി. രാജേഷ് ഉൾപ്പെടെ മൂന്ന് പേർക്കെതിരെ മ്യൂസിയം പൊലീസ് കേസെടുത്തിരുന്നു. മേയർക്ക് പുറമെ വാഴോട്ടുകോണം കൗൺസിലർ ആർ. സുഗതൻ, കോർപ്പറേഷൻ സെക്രട്ടറി എന്നിവരാണ് കേസിലെ പ്രതികൾ. എസ്.പി. ദീപക്കിന്റെ പരാതിയിൽ പ്രാഥമിക അന്വേഷണത്തിനുശേഷമാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
ആർ. സുഗതൻ ഒളിവിലായിരുന്ന കാലയളവിൽ നടന്ന കൗൺസിൽ യോഗങ്ങളിൽ അദ്ദേഹം പങ്കെടുത്തതായി കാണിക്കാൻ ഹാജർ ബുക്കിൽ ഒപ്പ് വ്യാജമായി രേഖപ്പെടുത്തിയെന്നാണ് പരാതി. കോർപ്പറേഷനിലെ ഭൂരിപക്ഷം നിലനിർത്തുന്നതിനായി ഇത്തരത്തിൽ ക്രമക്കേട് നടത്തിയെന്നാണ് എസ്.പി. ദീപക്കിന്റെ ആരോപണം.
കാപ്പാ കേസിൽ ജൂൺ ഒമ്പതിനാണ് സുഗതനെ വട്ടിയൂർക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതിന് മുൻപുണ്ടായിരുന്ന ഫെബ്രുവരി 26, മാർച്ച് 11, ഏപ്രിൽ 27 തീയതികളിലെ കൗൺസിൽ യോഗങ്ങളിൽ അറസ്റ്റ് ഭീഷണി നിലനിന്നതിനാൽ സുഗതൻ പങ്കെടുത്തിരുന്നില്ലെന്നാണ് എൽ.ഡി.എഫിന്റെ ആരോപണം. എന്നാൽ ഈ ദിവസങ്ങളിലെ ഹാജർ ബുക്കിൽ സുഗതന്റെ ഒപ്പ് രേഖപ്പെടുത്തിയതായും പരാതിയുണ്ട്.
പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കോർപ്പറേഷൻ ഓഫീസിലെത്തി ഹാജർ ബുക്ക് ഉൾപ്പെടെയുള്ള രേഖകൾ പരിശോധിച്ചിരുന്നു. തുടർന്ന് പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
കാപ്പാ കരുതൽ തടവ് റദ്ദാക്കിയതിനെ തുടർന്ന് ആർ. സുഗതൻ ചൊവ്വാഴ്ച ജയിൽമോചിതനായിരുന്നു. അതിന് പിന്നാലെയാണ് വ്യാജ ഒപ്പ് ആരോപണം ഉന്നയിച്ച എസ്.പി. ദീപക്കിനെതിരെ മേയർ വി.വി. രാജേഷ് അഞ്ച് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നിയമനടപടിയുമായി രംഗത്തെത്തിയത്.




