ഗാസിയാബാദ്: ഞൊടിയിടയിലാണ് ഒരു കുടുംബത്തിന്റെ സന്തോഷം തീരാ ദുഖത്തിലേക്ക് വഴിമാറിയത്. രണ്ടു ദിവസം മുൻപ് മഹാരാഷ്ട്രയിലെ ഷിർദിയിൽ നടന്ന സിബിഎസ്ഇ റോപ്പ് സ്കിപ്പിങ് ദേശീയ ചാമ്പ്യൻഷിപ്പിൽ സ്വർണ മെഡലുകൾ നേടിയ 14 കാരിക്ക് 12-ാം നിലയിൽ നിന്ന് വീണ് ദാരുണാന്ത്യം. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. വെള്ളിയാഴ്ച രാത്രി രാജ് നഗർ എക്സ്റ്റൻഷനിലെ രാജ്‌നഗർ റെസിഡൻസി സൊസൈറ്റിയിലെ ഫ്ലാറ്റിൽ ഉണക്കാനിട്ട വസ്ത്രങ്ങൾ എടുക്കാൻ ബാൽക്കണിയിലെത്തിയപ്പോഴാണ് പെൺകുട്ടി താഴേക്ക് വീണതെന്നാണ് പ്രാഥമിക വിവരം.
സഞ്ജയ് നഗറിലെ ഡെറാഡൂൺ പബ്ലിക് സ്കൂളിലെ (DDPS) ഒമ്പതാം ക്ലാസ് വിദ്യാർഥിനിയായ 14കാരി പ്രാചിയാണ് മരിച്ചത്. രാജ് നഗർ എക്സ്റ്റൻഷനിലെ താമസക്കാരിയാണ് പ്രാചി. വെള്ളിയാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. രാജ്‌നഗർ റെസിഡൻസി സൊസൈറ്റിയിലെ ടവർ ജിയിലെ 12-ാം നിലയിലെ ഫ്ലാറ്റിലായിരുന്നു പ്രാചിയും കുടുംബവും താമസിച്ചിരുന്നത്. ഉണക്കാനിട്ടിരുന്ന വസ്ത്രങ്ങൾ എടുക്കുന്നതിനായി ബാൽക്കണിയിലെത്തിയ പ്രാചി കാൽ വഴുതി അബദ്ധത്തിൽ താഴേക്ക് വീഴുകയായിരുന്നുവെന്നാണ് വിവരം. ശബ്ദം കേട്ടതിനെ തുടർന്ന് ഓടിയെത്തിയ സമീപവാസികൾ ഗുരുതരമായി പരു ക്കേറ്റ പ്രാചിയെ ഉടൻ സമീപത്തെ യശോദ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മോർച്ചറിയിലേക്ക് മാറ്റിയതായി പോലീസ് അറിയിച്ചു.
അതേസമയം സംഭവത്തിന്റെ യഥാർഥ കാരണം കണ്ടെത്തുന്നതിനായി അന്വേഷണം തുടരുകയാണ്. കെട്ടിടത്തിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിച്ചുവരികയാണ്. കുടുംബാംഗങ്ങളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും സംഭവസ്ഥലത്ത് ക്രമസമാധാന പ്രശ്നങ്ങളൊന്നുമില്ലെന്നും കൂടുതൽ നിയമനടപടികൾ പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.
ണ്ടു ദിവസം മുൻപ് മഹാരാഷ്ട്രയിലെ ഷിർദിയിൽ നടന്ന സിബിഎസ്ഇ റോപ്പ് സ്കിപ്പിങ് ദേശീയ ചാമ്പ്യൻഷിപ്പിൽ രണ്ട് സ്വർണമെഡലുകൾ നേടിയ ശേഷമാണ് പ്രാചി വീട്ടിൽ തിരിച്ചെത്തിയത്. ‘ഡബിൾ ഡച്ച് പെയർ ഫ്രീസ്റ്റൈൽ’, ‘ഡബിൾ ഡച്ച് സിംഗിൾ ഫ്രീസ്റ്റൈൽ’ വിഭാഗങ്ങളിലായിരുന്നു പ്രാചി സ്വർണം നേടിയത്. സോഫ്റ്റ്‌വെയർ എൻജിനീയറായ സുരേഷ് ചന്ദാണ് പ്രാചിയുടെ പിതാവ്. അപകടസമയത്ത് പ്രാചിയുടെ മാതാപിതാക്കളും ഇളയ സഹോദരിയും മുത്തശ്ശനും മുത്തശ്ശിയും വീട്ടിലുണ്ടായിരുന്നത്





