കണ്ണൂർ: പെരിങ്ങത്തൂരിലെ 17കാരൻ ശിവസൂര്യയെ കാണാതായിട്ട് 45 ദിവസം പിന്നിട്ടിട്ടും അന്വേഷണം എങ്ങുമെത്താത്ത സാഹചര്യത്തിൽ ആക്ഷൻ കമ്മിറ്റി രൂപീകരിക്കാൻ നാട്ടുകാർ. ഇതിന്റെ ആദ്യ യോഗം ഇന്ന് വൈകിട്ട് ചേരും. കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്ത് അന്വേഷണം നടത്തണമെന്നാണ് നാട്ടുകാരുടെ പ്രധാന ആവശ്യം.
‘കാശിക്ക് പോകുന്നു’ എന്ന കുറിപ്പ് വീട്ടിൽ എഴുതിവെച്ചാണ് ശിവസൂര്യ വീടുവിട്ടത്. തുടർന്ന് കുട്ടിയെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ല. ശിവസൂര്യയെ കണ്ടെത്തുന്നതിനായി പ്രത്യേക അന്വേഷണ സംഘം കേരളത്തിനകത്തും പുറത്തും വ്യാപകമായി തിരച്ചിൽ നടത്തിയിരുന്നു.
എന്നാൽ ഇതുവരെ ഒരു തുമ്പും കണ്ടെത്താനായിട്ടില്ല. ശിവസൂര്യ കടന്നുപോയതായി കരുതുന്ന പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പൊലീസ് പരിശോധിച്ചെങ്കിലും ഒരു ക്യാമറയിലും കുട്ടിയുടെ ദൃശ്യം കണ്ടെത്താനായിട്ടില്ലെന്നാണ് വിവരം. ഇതാണ് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിലെ പ്രധാന വെല്ലുവിളി.
അന്വേഷണം നീണ്ടുപോകുന്ന സാഹചര്യത്തിലാണ് നാട്ടുകാർ ആക്ഷൻ കമ്മിറ്റി രൂപീകരിക്കാൻ തീരുമാനിച്ചത്. ശിവസൂര്യയെ കണ്ടെത്തുന്നതിനായി അന്വേഷണം കൂടുതൽ കാര്യക്ഷമമാക്കണമെന്നും കേസ് ക്രൈംബ്രാഞ്ചിന് കൈമാറണമെന്നും ആക്ഷൻ കമ്മിറ്റി ആവശ്യപ്പെടും.





