ന്യൂഡൽഹി: 2002ലെ സബർമതി ട്രെയിൻ തീവെപ്പ് സംബന്ധിച്ച സോണിയ ഗാന്ധിയുടെ പുസ്തകത്തിലെ പരാമർശത്തിൽവിയോജിപ്പുമായി ഗുജറാത്ത് പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘത്തലവനായിരുന്ന രാകേഷ് അസ്താന. കേസിൽ അന്വേഷണം പൂർത്തിയായതാണെന്നും കുറ്റവാളികൾക്ക് ശിക്ഷ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മനഃപൂർവമാണ് ട്രെയിനിന് തീയിട്ടത്. തീപിടിക്കാൻ സാധ്യതയുള്ള ദ്രാവകം ഉപയോഗിച്ചാണ് തീയിട്ടതെന്നും അസ്താന ദേശീയ വാർത്താ ഏജൻസിയോട് വ്യക്തമാക്കി. എന്നാൽ, തീപിടിത്തത്തിന്റെ കാരണം ഇപ്പോഴും അജ്ഞാതമാണെന്നായിരുന്നു സോണിയ ഗാന്ധിയുടെ പുസ്തകത്തിലെ പരാമർശം.
അതേസമയം, സോണിയ ഗാന്ധിയുടെ ഓർമക്കുറിപ്പിൽ മുൻ പ്രധാനമന്ത്രി പി.വി. നരസിംഹ റാവുവിനെ പരാമർശിക്കാത്തതിൽ കോൺഗ്രസിനുള്ളിലും അതൃപ്തി ഉയരുകയാണ്. നരസിംഹ റാവുവിനെക്കുറിച്ച് പരാമർശിക്കുന്നത് രാജ്യത്തെ ചില വിഭാഗങ്ങളെ വേദനിപ്പിക്കുമെന്ന് കരുതിയാകാം സോണിയ അദ്ദേഹത്തെ ഒഴിവാക്കിയതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പൃഥ്വിരാജ് ചവാൻ വിമർശിച്ചു. പുസ്തകത്തിലെ അവഗണനയിൽ നരസിംഹ റാവുവിന്റെ കുടുംബവും അതൃപ്തി അറിയിച്ചു.
സോണിയ ഗാന്ധിയുടെ ഓർമക്കുറിപ്പായ ‘ബിലോങ്ങിങ്: എ ജേണി ഓഫ് ലൗ’ അവഗണനകളുടെ കൂടി പുസ്തകമാണെന്ന വിമർശനമാണ് ഉയരുന്നത്. പുസ്തകത്തിലെ പരാമർശങ്ങളും വിട്ടുപോയ പരാമർശങ്ങളും ചൊല്ലി കോൺഗ്രസിനുള്ളിൽനിന്നുതന്നെ വിമർശനങ്ങൾ ശക്തമാകുകയാണ്.