ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. തെരഞ്ഞെടുപ്പ് ക്രമക്കേടുകൾ സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കുമെതിരെ സമഗ്ര അന്വേഷണം വേണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ആരോപണങ്ങൾ ഉന്നയിച്ചത്.
വോട്ടർപട്ടികയിൽനിന്ന് പേരുകൾ നീക്കം ചെയ്തതുമായി ബന്ധപ്പെട്ട നടപടികളെ രണ്ട് തിരഞ്ഞെടുപ്പ് കമ്മിഷണർമാർ എതിർത്തുവെന്ന ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചൂണ്ടിക്കാട്ടിയായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം. താൻ നേരത്തെ ഉന്നയിച്ച ‘വോട്ട് ചോരി’ ആരോപണങ്ങൾ ഇതുമായി ബന്ധപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു. ‘വോട്ട് ചോരി’ മാത്രമല്ല ‘കാനൂൻ ചോരി’യും നടന്നുവെന്ന് ആരോപിച്ച രാഹുൽ, ഭരണഘടനാ സ്ഥാപനങ്ങളെ തകർക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും പറഞ്ഞു.
തിരഞ്ഞെടുപ്പ് കമ്മിഷനിലെ രണ്ട് കമ്മിഷണർമാരായ സുഖ്ബീർ സിങ് സന്ധുവും വിവേക് ജോഷിയും വിവിധ നടപടികളിൽ 10 മാസത്തിനിടെ കുറഞ്ഞത് 14 തവണ ഔദ്യോഗികമായി എതിർപ്പ് രേഖപ്പെടുത്തിയെന്നാണ് ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തത്. വോട്ടർമാരെ ചേർക്കുന്നതും പട്ടികയിൽനിന്ന് പേരുകൾ നീക്കം ചെയ്യുന്നതും ഉൾപ്പെടെയുള്ള വിഷയങ്ങളിലാണ് എതിർപ്പുകൾ രേഖപ്പെടുത്തിയതെന്നും റിപ്പോർട്ടിലുണ്ട്. എന്നാൽ, ഇക്കാര്യത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ എല്ലാ തീരുമാനങ്ങളും പൂർണ കമ്മിഷന്റെ ഏകകണ്ഠമായ തീരുമാനങ്ങളാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ഗ്യാനേഷ് കുമാർ മോദിയുടെയും അമിത് ഷായുടെയും താൽപര്യപ്രകാരമാണ് തിരഞ്ഞെടുക്കപ്പെട്ടതെന്നും രാജ്യത്തെ വോട്ടിങ് സംവിധാനം തകർത്തതിന്റെ ഉത്തരവാദിത്തം ഗ്യാനേഷ് കുമാറിനാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. മോദിക്കും അമിത് ഷായ്ക്കുമെതിരെ തെരഞ്ഞെടുപ്പ് ക്രമക്കേടുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
2023 ഡിസംബറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറുടെ നിയമനവുമായി ബന്ധപ്പെട്ട നിയമനിർമാണത്തെ താൻ ശക്തമായി എതിർത്തിരുന്നുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറുടെ നിയമന നടപടിയിൽ താൻ വിയോജനക്കുറിപ്പ് നൽകിയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
മഹാദേവപുരയിലെ വോട്ടർപട്ടിക സംബന്ധിച്ച ആരോപണങ്ങൾ മുതൽ ഹരിയാനയിലെ തിരഞ്ഞെടുപ്പ് നടപടികൾ വരെയുള്ള വിഷയങ്ങളിൽ താൻ നേരത്തെ ചോദ്യങ്ങൾ ഉന്നയിച്ചിരുന്നുവെന്നും രാഹുൽ പറഞ്ഞു. ഗ്യാനേഷ് കുമാറിനെതിരെ ഉടൻ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, തിരഞ്ഞെടുപ്പ് കമ്മിഷനിലെ അഭിപ്രായവ്യത്യാസങ്ങൾ അന്തിമ തീരുമാനങ്ങളിലെ ഭിന്നതയായി കാണാനാകില്ലെന്നാണ് കമ്മിഷന്റെ വിശദീകരണം. വിവിധ അഭിപ്രായങ്ങളും നിരീക്ഷണങ്ങളും തീരുമാനമെടുക്കുന്ന പ്രക്രിയയുടെ ഭാഗമാണെന്നും കഴിഞ്ഞ ഒരു വർഷത്തെ തീരുമാനങ്ങളെല്ലാം പൂർണ കമ്മിഷന്റെ ഏകകണ്ഠമായ തീരുമാനങ്ങളാണെന്നും കമ്മിഷൻ വ്യക്തമാക്കി.




