തിരുവനന്തപുരം: സിഎംആർഎൽ- എക്സാലോജിക് ഇടപാടിൽ ഇഡി ശുപാർശ അനുസരിച്ച് മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ, മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസ്, ഭാര്യ ടി. വീണ എന്നിവർക്കെതിരായ അന്വേഷണത്തിനായി എസ്ഐടി രൂപീകരിച്ചു. ക്രൈംബ്രാഞ്ച് എഡിജിപി എച്ച്. വെങ്കടേഷ് അന്വേഷണത്തിനു മേൽനോട്ടം നൽകും. എസ്.പി. വിക്രമനാണ് അന്വേഷണ ഉദ്യോഗസ്ഥൻ. കൂടാതെ ഡിവൈഎസ്പിമാർ ഉൾപ്പെടെയുള്ളവരും സംഘത്തിൽ ഉണ്ടാകും.
കള്ളപ്പണ ഇടപാട് കേസിൽ പ്രാഥമിക അന്വേഷണം 30 ദിവസത്തിനകം പൂർത്തിയാക്കാനാണ് നിർദേശം. തെളിവുകൾ കൈമാറിയ ഇഡി ഉദ്യോഗസ്ഥരുമായി പ്രത്യേക സംഘം വിവരങ്ങൾ ചോദിച്ചറിഞ്ഞ ശേഷമാകും തുടർനടപടികളിലേക്കു കടക്കുക. ഇഡി നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്താമെന്ന് നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഇന്നലെയാണ് സർക്കാർ അന്വേഷണം പ്രഖ്യാപിച്ചത്.
അതേപോലെ ഇഡി ഉന്നയിച്ച ആരോപണങ്ങൾ തെളിഞ്ഞാൽ എഫ്ഐആർ റജിസ്റ്റർ ചെയ്തു കേസെടുക്കും. ഇഡിയുടെ കത്തിൽ സിഎംആർഎൽ- എക്സാലോജിക് ഇടപാടിലെ കൈക്കൂലി ആരോപണമാണു പിണറായിക്കെതിരെയുള്ളത്. റിയാസിനും വീണയ്ക്കും ഹവാല ഇടപാടിൽ പങ്കുണ്ടെന്നും കത്തിൽ പറയുന്നു.
അതേസമയം പിണറായി ഉൾപ്പെടെയുള്ളവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാൻ വ്യക്തമായ തെളിവുണ്ടെന്ന നിയമോപദേശമാണു സർക്കാരിനു ലഭിച്ചതെങ്കിലും അന്വേഷണത്തിലൂടെ കൂടുതൽ തെളിവുകൾ ശേഖരിച്ചശേഷം തുടർനടപടിയിലേക്കു നീങ്ങുന്നതാണ് ഉചിതമെന്നാണു വിലയിരുത്തൽ. കൂടാതെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കും മുൻപു പ്രാഥമികാന്വേഷണം നടത്തണമെന്ന സുപ്രീം കോടതി വിധിയും കണക്കിലെടുത്താണ് സർക്കാരിന്റെ പുതിയ നീക്കം.
അന്വേഷണത്തിനു ശുപാർശ ചെയ്ത് ഈമാസം 8 നാണ് 25 പേജുള്ള കത്ത് പോലീസ് മേധാവിക്ക് ഇഡി നൽകിയത്. സിഎംആർഎൽ കമ്പനി മാനേജിങ് ഡയറക്ടർ എസ്.എൻ. ശശിധരൻ കർത്താ, സിഎംആർഎൽ മുൻ ചീഫ് ഫിനാൻസ് ഓഫിസർ പി. സുരേഷ് കുമാർ എന്നിവർക്ക് റിയാസുമായി ബന്ധമുണ്ടെന്ന് ഇഡി പറയുന്ന കത്തിൽ പരാമർശിക്കുന്ന റിയാസിന്റെ സുഹൃത്തുക്കളായ ഷൈജൽ മുഹമ്മദ്, പി. നിഖിൽ, ഹസൻ വാരിസ്, വി.പി. ഫൈജാസ്, എം.ന ന്ദുലാൽ എന്നിവരുൾപ്പെടെവർക്കെതിരെയും അന്വേഷണമുണ്ടാകും




