ശ്രീനഗർ: വിവിധ കേസുകളിൽ പിടികൂടുന്ന പ്രതികളുടെ ചിത്രങ്ങൾ പോലീസ് സമൂഹമാധ്യമങ്ങളിൽ പലപ്പോഴും പങ്കുവെക്കുകയും അത് മാധ്യമങ്ങളുടെ കയ്യിലെത്താറുമുണ്ട്. പക്ഷെ ജമ്മു കശ്മീർ പോലീസ് കഴിഞ്ഞ ദിവസം പങ്കുവെച്ച രണ്ട് പ്രതികളുടെ ഫോട്ടോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ആ ഫോട്ടോ നിരവധി രസകരമായ മീമുകൾക്കും കമന്റുകൾക്കും വഴിവെച്ചിരിക്കുകയാണ്. നിറഞ്ഞ ചിരിയോടെയുള്ള പ്രതികളുടെ ഫോട്ടോയാണ് വൈറലായത്.
അനന്ത്‌നാഗ് പോലീസാണ് മദ്യക്കടത്തിനിടെ രണ്ടുപേരെ പിടികൂടിയത്. വാഹന പരിശോധനയിലാണ് ഇവരിൽ നിന്ന് മദ്യം കണ്ടെത്തിയത്. അറസ്റ്റ് ചെയ്ത പ്രതികളെ സ്റ്റേഷനിലെത്തിച്ച് വിവിധ വകുപ്പുകൾ ഉൾപ്പെടെ വ്യക്തമാക്കുന്ന നോട്ടീസുമായി ഫോട്ടോ എടുപ്പിച്ചു. പക്ഷെ വൈറലാകാൻ കാരണം മറ്റൊന്നാണ് നോട്ടീസും പിടിച്ച് പ്രതികൾ നിറഞ്ഞ ചിരിയോടെ നിൽക്കുന്ന ഫോട്ടോയാണ് ഏറെ കമന്റുകൾക്ക് കാരണമായത്.
‘ഇത്രയും സന്തോഷത്തോടെ പോലീസ് കസ്റ്റഡിയിൽ നിന്ന് പോസ് ചെയ്യുന്ന പ്രതികളെ ആദ്യമായാണ് കാണുന്നത്’ എന്നാണ് ഒരാളുടെ കമന്റ്. ‘ഫോട്ടോയെടുത്ത ക്യാമറാമാൻ കല്യാണ ഫോട്ടോഗ്രാഫറാണെന്ന് തോന്നുന്നു’ എന്ന് മറ്റൊരാളുടെ കമന്റ്. ‘പിടികൂടിയ മദ്യക്കുപ്പികളിൽ ഓരോന്ന് ഇവർ കുടിച്ച് തീർത്തിട്ടുണ്ടോ’, ‘പ്രതികളോ അതോ മെഡൽ ജേതാക്കളോ’ എന്നിങ്ങനെ നീളുന്നു കമന്റിലെ ചോദ്യങ്ങൾ.
കമന്റുകൾ കൂമ്പാരമായതോടെ പോലീസ് തന്നെ വിശദീകരണവുമായെത്തി. മദ്യവുമായി പിടിയിലായ പ്രതികൾ രണ്ടും വലിയ ടെൻഷനിലായിരുന്നത്രെ. ഫോട്ടോ എടുത്തപ്പോഴും മുഖത്ത് ടെൻഷൻ തന്നെ. തുടർന്ന്, ചിരിച്ചുകൊണ്ട് പോസ് ചെയ്യാൻ ആവശ്യപ്പെടുകയായിരുന്നുവെന്ന് അനന്ത്‌നാഗ് പോലീസ് പറയുന്നു.




