ലഖിംപുർ ഖേരി: ഉത്തർപ്രദേശിലെ ലഖിംപുർ ഖേരിയിൽ സ്കൂളിൽ വച്ച് അധ്യാപിക വെടിയേറ്റു മരിച്ചു. കുട്ടികളുടെ മുന്നിലിട്ട് യുവാവ് അധ്യാപികയ്ക്ക് നേരെ മൂന്ന് തവണ വെടിയുതിർത്തു. പിന്നാലെ പ്രതി ജീവനൊടുക്കി. സദർ കൊത്വാലി പ്രദേശത്തെ ഹിദായത്ത് നഗർ നിവാസിയായ നിഷാത് ഫാത്തിമയാണ് (26) കൊല്ലപ്പെട്ടത്. പ്രതി മുഹമ്മദ് സൗദ് (28) സ്വയം വെടിവച്ച് മരിക്കുകയായിരുന്നു
തിങ്കളാഴ്ച രാവിലെ 11:30 ഓടെ ഫാത്തിമയെ കാണാൻ സ്കൂളിലെത്തിയ സൗദ് ഇടനാഴിയിൽനിന്ന് അവരുമായി സംസാരിക്കുന്നതിനിടെ ബാഗിൽനിന്ന് തോക്കെടുത്ത് വെടിവയ്ക്കുകയായിരുന്നു. കുട്ടികളുടെ മുന്നിലിട്ടായിരുന്നു ആക്രമണം. പിന്നാലെ സ്വയം വെടിവച്ചു ജീവൻ അവസാനിപ്പിക്കുകയായിരുന്നു. കൊലപാതകത്തിന്റെ കാരണം എന്താണെന്ന് വ്യക്തമല്ലെന്നും ഫാത്തിമയും സൗദും വർഷങ്ങളായി പരസ്പരം അറിയുന്നവരാണെന്നും പെോലീസ് പറഞ്ഞു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനയച്ചു. സ്കൂൾ അധികൃതരെയും അധ്യാപകരെയും പോലീസ് ചോദ്യം ചെയ്തു. മരിച്ചവരുടെ കുടുംബാംഗങ്ങളെയും ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു.




