വണ്ടിപ്പെരിയാർ: പത്തനംതിട്ട – ഗവി കെഎസ്ആർടിസി ബസിലെ യാത്രക്കാരുടെ നേർക്കു പെരുന്തേനീച്ചയുടെ കൂട്ട ആക്രമണം. 17 പേർക്ക് തേനീച്ചയുടെ കുത്തേറ്റു. ഗവി സ്വദേശിയായ നാരായണൻ (46), പത്തനംതിട്ട സ്വദേശികളായ ബേബി ജേർജ് (46), സന്തോഷ് (48), ദീപ്തി (46), ചന്ദ്രലേഖ (46), സെലീന (48), കാസർകോട് സ്വദേശികളായ ലേഖ (44), തുളസിദാസ് (23), അഫ്സൽ (45), ശ്യം സുന്ദർ (23), കസ്തൂരി (46), റിമ്പോൾ (48) പച്ചക്കാനം സ്വദേശികളായ മൻറോ മെണ്ടൽ(33), ഒ.എൽ പത്ര (5) ,ആസിയ (42, അജീൻ (43 എന്നിവർക്കാണ് കുത്തേറ്റത്. ഇവർ വണ്ടിപ്പെരിയാർ സാമൂഹികാരോഗ്യ കേന്ദ്രം, പീരുമേട് താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലായി ചികിത്സ തേടി.
തിങ്കളാഴ്ച്ച രാവിലെ 11 ന് വണ്ടിപ്പെരിയാർ വള്ളക്കടവിന് സമീപം കോഴിക്കാനത്ത് പെരിയാർ കടുവ സങ്കേതത്തിൽ വച്ചാണ് പെരുംന്തേനീച്ചയുടെ ആക്രമണം ഉണ്ടാകുന്നത്. വീതി കുറഞ്ഞ റോഡായതിനാൽ എതിർ ദിശയിൽ നിന്നു വന്ന കാറിന് സൈഡ് കൊടുക്കാൻ നിർത്തിയപ്പോൾ ബസിനകത്തേക്ക് പെരുന്തേനീച്ചകൾ ഇരച്ചു കയറി. പരിഭ്രാന്തരായ യാത്രക്കാർ ഷട്ടറുകൾ അടച്ചതോടെ തേനീച്ചകൾ ആക്രമിക്കുകയായിരുന്നു. ബസിൽ നിന്നു ഇറങ്ങി ഓടി രക്ഷപ്പെടാൻ ശ്രമിച്ച യാത്രക്കാരെയും തേനീച്ചകൾ പിന്തുടർന്ന് ആക്രമിച്ചു.
തുടർന്ന് ബസ് ഡ്രൈവർ റസാക് അതുവഴി വന്ന പിക്കപ് ജീപ്പിൽ കയറി വള്ളക്കടവ് ഫോറസ്റ്റ് ചെക് പോസ്റ്റിൽ എത്തി വിവരം അറിയിച്ചു. ഉടൻ വനപാലക സംഘം ബസിലും ജീപ്പിലുമായി സംഭവസ്ഥലത്തെത്തി പരുക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു രാവിലെ 5.30ന് പത്തനംതിട്ടയിൽ നിന്നു ഗവി വഴി കുമളിയിലേയ്ക്ക് യാത്ര തിരിച്ച ബസിൽ ജീവനക്കാർ ഉൾപ്പെടെ 58 പേരാണ് ഉണ്ടായിരുന്നത്.




