കാസർകോട്: ഡിജിറ്റൽ അറസ്റ്റിന്റെ പേരിൽ 80കാരനായ ഡോക്ടറെ ഭീഷണിപ്പെടുത്തി 1.19 കോടി രൂപയിലധികം തട്ടിയെടുത്ത കേസിൽ വിദേശത്ത് ജോലി ചെയ്തിരുന്ന പ്രതി ഹൈദരാബാദ് വിമാനത്താവളത്തിൽ പിടിയിൽ. മലപ്പുറം സ്വദേശി ഷംഷാദ് ചുരകുത്താണ് പിടിയിലായത്. 2025 നവംബർ 24 മുതൽ ഡിസംബർ 17 വരെയാണ് കേസിനാസ്പദമായ സംഭവങ്ങൾ നടന്നത്.
നീലേശ്വരം സ്വദേശിയായ 80കാരനായ ഡോക്ടറെ ഫോണിലൂടെയും വാട്സ്ആപ്പ് വീഡിയോ കോളിലൂടെയും ബന്ധപ്പെട്ട പ്രതികൾ തങ്ങൾ മുംബൈ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥരാണെന്ന് പരിചയപ്പെടുത്തി. മണി ലോണ്ടറിങ് കേസിൽ ഡോക്ടർ ഉൾപ്പെട്ടിട്ടുണ്ടെന്നും ഡിജിറ്റൽ അറസ്റ്റ് ചെയ്തിരിക്കുകയാണെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തുകയായിരുന്നു.
അറസ്റ്റ് ഒഴിവാക്കുന്നതിനും റിസർവ് ബാങ്കിന്റെ പരിശോധനയ്ക്കുമായി പണം കൈമാറണമെന്ന് വിശ്വസിപ്പിച്ചാണ് വിവിധ ബാങ്ക് അക്കൗണ്ടുകളിൽനിന്നായി ആകെ 1,19,35,000 രൂപ പ്രതികൾ നിർദേശിച്ച അക്കൗണ്ടുകളിലേക്ക് അയപ്പിച്ചത്.
തുടർന്ന് കാസർകോട് സൈബർ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പരാതിക്കാരന്റെ നീലേശ്വരത്തെ കനറാ ബാങ്ക് അക്കൗണ്ടിൽനിന്ന് 2025 ഡിസംബർ 17ന് തട്ടിയെടുത്ത 46.25 ലക്ഷം രൂപ നാഗാലാൻഡിലെ പുരാന ബസാർ ശാഖയിലുള്ള ആക്സിസ് ബാങ്കിന്റെ ലെയർ-1 അക്കൗണ്ടിലേക്ക് എത്തിയതായി അന്വേഷണത്തിൽ കണ്ടെത്തി.
ഇതേ ദിവസം ഈ തുകയിൽനിന്ന് 9.60 ലക്ഷം രൂപ രണ്ട് ഇടപാടുകളിലായി ഷംഷാദ് ചുരകുത്തിന്റെ പേരിലുള്ള സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയുടെ മഞ്ചേരി ശാഖയിലെ അക്കൗണ്ടിലേക്ക് മാറ്റിയതായും കണ്ടെത്തി. ഇതിൽ ഒമ്പത് ലക്ഷം രൂപ ചെക്ക് മുഖേന പിൻവലിച്ച് ചെലവഴിച്ചതായും പൊലീസ് കണ്ടെത്തി.
പ്രതിയെക്കുറിച്ച് നടത്തിയ അന്വേഷണത്തിൽ ഇയാൾ വിദേശത്ത് ജോലി ചെയ്യുന്നതായി കണ്ടെത്തിയതിനെ തുടർന്ന് പാസ്പോർട്ട് വിവരങ്ങൾ ശേഖരിക്കുകയും ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിക്കുകയും ചെയ്തു. തുടർന്ന് സെപ്റ്റംബർ 17ന് ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ ഷംഷാദിനെ എമിഗ്രേഷൻ അധികൃതർ തടഞ്ഞുവെച്ചതായി കാസർകോട് സൈബർ പൊലീസിന് വിവരം ലഭിച്ചു.
ജില്ലാ പൊലീസ് മേധാവി നിധിൻരാജ് പി., സൈബർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ രാജീവൻ കെ. എന്നിവരുടെ നിർദേശപ്രകാരം എസ്ഐ നൗഷാദ്, എഎസ്ഐമാരായ രഞ്ജിത്ത് കുമാർ, ദിലീഷ്, സിപിഒ വിപിൻ എന്നിവരടങ്ങിയ സംഘം ഹൈദരാബാദിലെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു.
തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി കാസർകോട് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. കോടതി പ്രതിയെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.




