കൊച്ചി: വിമാനത്തിൽ കേരളത്തിലെത്തി സംസ്ഥാന വ്യാപകമായി കവർച്ച നടത്താൻ പദ്ധതിയിട്ട ഉത്തർപ്രദേശ് സംഘം പിടിയിൽ. എറണാകുളം, തൃശൂർ, കണ്ണൂർ ജില്ലകളിൽ നിന്നായി 11 പേരെയാണ് കേരള പൊലീസ് അറസ്റ്റ് ചെയ്തത്. സംഘത്തിലെ പ്രധാനി മോഷണശ്രമത്തിനിടെ തൃശൂരിൽ പിടിയിലായതോടെയാണ് വൻ കവർച്ചാ പദ്ധതിയുടെ വിവരങ്ങൾ പുറത്തുവന്നത്.
തൃശൂരിൽ മോഷണശ്രമത്തിനിടെ പിടിയിലായ ഉത്തർപ്രദേശ് സ്വദേശി റിഹാനെ ചോദ്യം ചെയ്തപ്പോഴാണ് സംഘത്തെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. തുടർന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കളമശേരിയിലെ ലോഡ്ജിൽ നിന്ന് അഞ്ചുപേരെയും കണ്ണൂരിൽ നിന്ന് അഞ്ചുപേരെയും അറസ്റ്റ് ചെയ്തു. മീററ്റ് സ്വദേശികളാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു.
കൊച്ചിയിൽ വിമാനമാർഗം എത്തിയ ശേഷം ബൈക്കുകളിൽ സഞ്ചരിച്ച് മോഷണം നടത്താനായിരുന്നു സംഘത്തിന്റെ പദ്ധതിയെന്നാണ് പൊലീസ് പറയുന്നത്. മോഷണത്തിന് മുന്നോടിയായി ട്രെയിൻ മാർഗം ബൈക്കുകൾ കേരളത്തിലെത്തിച്ചിരുന്നു. ഒഴിഞ്ഞുകിടക്കുന്ന വീടുകളും ടെലിഫോൺ എക്സ്ചേഞ്ചുകളുമാണ് സംഘം പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്.
പിടിയിലായവരിൽ നിന്ന് മോഷണത്തിനുപയോഗിക്കുന്ന ഉപകരണങ്ങളും പൊലീസ് കണ്ടെത്തി. കേരളത്തിന് പുറമെ വിവിധ സംസ്ഥാനങ്ങളിലും സംഘം മോഷണം നടത്തിയിട്ടുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപകമായി കവർച്ച നടത്താനുള്ള നീക്കമാണ് പൊലീസ് ഇടപെടലിലൂടെ തടയാനായതെന്ന് പൊലീസ് അറിയിച്ചു. പിടിയിലായവരെ കേന്ദ്രീകരിച്ച് കൂടുതൽ അന്വേഷണം തുടരുകയാണ്.






