പത്തനംതിട്ട: കടയിൽ സാധനം വാങ്ങാനെത്തിയ 13 വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ച കേസിൽ 62കാരൻ അറസ്റ്റിൽ. പെരുമ്പുളിക്കൽ പടുകോട്ടുക്കൽ സ്വദേശി സജി വർഗീസിനെയാണ് പന്തളം പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ടുദിവസം മുമ്പാണ് കേസിനാസ്പദമായ സംഭവം.
ഏഴാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടി സാധനം വാങ്ങുന്നതിനായി പ്രതിയുടെ കടയിലെത്തിയപ്പോഴായിരുന്നു സംഭവം. പ്രതി കുട്ടിയെ കടന്നുപിടിക്കുകയും ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിക്കുകയും ചെയ്തെന്നാണ് പരാതി.
സ്കൂളിലെത്തിയ കുട്ടി സംഭവവിവരം അധ്യാപകരെ അറിയിച്ചു. തുടർന്ന് സ്കൂൾ അധികൃതർ ചൈൽഡ് ലൈനിൽ വിവരം അറിയിക്കുകയായിരുന്നു. ചൈൽഡ് ലൈൻ പ്രവർത്തകർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പന്തളം പൊലീസ് കുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തി.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.






