മലപ്പുറം: സ്വകാര്യ വഹനത്തില്‍ സര്‍ക്കാരിന്റെ ഔദ്യോഗിക ബോര്‍ഡ് വെച്ചുള്ള യാത്രയില്‍ മന്ത്രി കെ എം ഷാജിയെ വിമര്‍ശിച്ചും മുഖ്യമന്ത്രി വി ഡി സതീശനെ പരിഹസിച്ചും കെ ടി ജലീല്‍. കെ എം ഷാജിയുടേത് സത്യപ്രതിജ്ഞാ ലംഘനമാണെന്നായിരുന്നു കെ ടി ജലീല്‍ പറഞ്ഞത്. മുഖ്യമന്ത്രിയും ടൂറിസം മന്ത്രിയും ഇടപെട്ട് അധികം പഴക്കമില്ലാത്ത ഒരു ഇന്നോവ ക്രിസ്റ്റ കാര്‍ മന്ത്രി ഷാജിക്ക് സംഘടിപ്പിച്ച് കൊടുക്കണം.
കാറ് വായ്പ വാങ്ങി സതീശന്‍ സര്‍ക്കാരിലെ ഒരു മന്ത്രിക്ക് നടക്കേണ്ടി വരുന്നു എന്നുള്ളത് നാണക്കേടാണെന്നും കെ ടി ജലീല്‍ പരിഹസിച്ചു. തനിക്ക് കാറ് നല്‍കിയ സുഹൃത്തിനോട് പ്രത്യേക മമത, മനുഷ്യനാണെങ്കില്‍ സ്വാഭാവികമായും ഉണ്ടാകും. ആരോടും പ്രത്യേക മമതയോ വിദ്വേഷമോ ഇല്ലാതെ പ്രവര്‍ത്തിക്കുമെന്ന് സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ പറഞ്ഞ വാക്കുകള്‍ക്ക് വിരുദ്ധമാകില്ലേ അതെന്നും കെ ടി ജലീല്‍ ചോദിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു കെ ടി ജലീലിന്റെ പ്രതികരണം. കോണ്‍ഗ്രസ്-ലീഗ് മന്ത്രിമാര്‍ക്ക് മാധ്യമങ്ങള്‍ നല്‍കുന്ന വാനോളം വലിയ ‘പ്രിവിലേജും’ അനുകമ്പയും ഇല്ലായിരുന്നെങ്കില്‍ കാറിന്റെ ഉടമയുടെ എല്ലാ കാര്യങ്ങളും ഇതിനകം പുറത്തു വന്നേനെ. താന്‍ മന്ത്രിയായിരിക്കെ ഇ ഡി ഓഫീസിലേക്ക് ഔദ്യോഗിക കാറില്‍ പോകുന്നതിന് പകരം ഒരു സ്വകാര്യ കാറില്‍ പോയതിന് പുകില്‍ നടന്ന നാടാണിത്. ‘വിവാദ വ്യവസായി’യുടെ വീടിന് മുന്നില്‍ ബിജെപി ധര്‍ണയും അത് എല്ലാ ചാനലുകളും തത്സമയം സംപ്രേഷണം ചെയ്ത അപൂര്‍വ്വ സംഭവവും കണ്ട് തരിച്ചിരുന്ന സംസ്ഥാനമാണ് കേരളം.
മന്ത്രി ഷാജി ഉപയോഗിക്കുന്ന വണ്ടിയുടെ ആര്‍സി ഓണര്‍ ആരാണെന്നോ അദ്ദേഹത്തിന്റെ സാമ്പത്തിക സോഴ്‌സിന്റെ ഉറവിടം എന്താണെന്നോ അയാളുടെ നാട്ടിലെ സ്വത്തുവകകള്‍ എന്തൊക്കെയാണൊന്നോ ഒന്നും ആരും അന്വേഷിച്ചുപോയതായി കേട്ടില്ലെന്നും കെ ടി ജലീല്‍ പറഞ്ഞു. ‘അടുത്ത സുഹൃത്തിന്റെ വാഹനം സൗജന്യമായി കിട്ടി എന്നുതന്നെ കരുതിയാലും ആ വാഹനത്തില്‍ മന്ത്രിയുടെ ഔദ്യോഗിക വാഹനത്തില്‍ ഘടിപ്പിക്കേണ്ട മുദ്രകളും ഉപകരണങ്ങളും സംവിധാനിച്ച് ഓടുന്നത് ധാര്‍മ്മികമായി ഒട്ടും ശരിയല്ല. മറ്റ് മന്ത്രിമാരും സമാന വഴി പിന്തുടര്‍ന്ന് നിലവിലെ അവരുടെ വാഹനങ്ങള്‍ ഉപേക്ഷിച്ച് ബെന്‍സും റേഞ്ച് റോവറും സൗജന്യമായി വാങ്ങി യാത്ര ചെയ്യാന്‍ തുടങ്ങിയാല്‍ എന്താകും സ്ഥിതി?. മന്ത്രി കുഞ്ഞാലിക്കുട്ടി സഞ്ചരിക്കുന്ന വാഹനം അദ്ദേഹത്തിന്റെ സ്വന്തമാണ് എന്നെങ്കിലും പറയാം. അത്ര അടുത്ത സുഹൃത്താണെങ്കില്‍ ആ റേഞ്ച് റോവര്‍ ഷാജിയുടെ പേരില്‍ നല്‍കാന്‍ ആര്‍സി ഓണര്‍ സന്‍മനസ്സ് കാണിച്ചാല്‍ നല്ലതെന്നും’ ജലീല്‍ പരിഹസിച്ചു.
‘വേങ്ങര മണ്ഡലക്കാര്‍ ഇതുവരെ കണ്ടത് വിലപിടിപ്പുള്ള കാറില്‍ വരുന്ന എംഎല്‍എയേയും മന്ത്രിയേയുമായതിനാല്‍ ഇന്നോവ ക്രിസ്റ്റയില്‍ ചെല്ലുമ്പോള്‍ മണ്ഡലക്കാര്‍ ഗൗനിക്കില്ലെന്ന ഭയം കൊണ്ടാണോ കോടിയിലധികം വിലവരുന്ന റേഞ്ച് റോവറില്‍ തന്നെ യാത്ര ചെയ്യാമെന്ന് മന്ത്രി ഷാജി തീരുമാനിച്ചത്? ആര്‍ഭാടങ്ങള്‍ക്കെതിരെ പ്രസംഗിക്കുന്നവരാണ് ഷാജിയും താനുമുള്‍പ്പടെയുള്ള പൊതു പ്രവര്‍ത്തകര്‍. തങ്ങള്‍ തന്നെ ആഡബര കാറില്‍ യാത്ര ചെയ്ത് നാട്ടുകാരോട് ആര്‍ഭാടം ഉപേക്ഷിക്കണമെന്ന് ഉപദേശിച്ചാല്‍ ആളുകള്‍ എങ്ങനെയാകും വിലയിരുത്തുക’യെന്നും ജലീല്‍ ചോദിച്ചു.




