ഇന്ത്യ ഓപ്പറേഷൻ സിന്ദൂരിലൂടെ തച്ചുടച്ച ഭീകരവാദ കോട്ടകൾ 15 മാസം കൊണ്ട് വീണ്ടും ഉയർന്നു!! ബഹാവൽപൂരിലെ ജെയ്ഷെ ആസ്ഥാനം വീണ്ടും സജീവമാകുന്നു, പുനർനിർമാണത്തിന് പാക് സർക്കാർ നൽകിയത് 25 കോടി, ജെയ്ഷെയുടെ പുതു തലമുറ കമാൻഡർമാർക്ക് പരിശീലനം നൽകാൻ ഐഎസ്ഐ- പാക് സൈന്യത്തിലെ വിഭാഗം
ബഹാവൽപൂർ: ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യ തകർത്തെറിഞ്ഞ പാക്കിസ്ഥാനിലെ ബഹാവൽപൂരിലുള്ള ജെയ്ഷെ-ഇ-മുഹമ്മദ് ആസ്ഥാനം15 മാസം കൊണ്ട് പുനർനിർമിച്ചതായി റിപ്പോർട്ട്. CNN-News18 പുറത്തുവിട്ട രഹസ്യാന്വേഷണ വിവരങ്ങൾ ഉദ്ധരിച്ചാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പാക് സർക്കാർ, പാക് ചാരസംഘടനയായ ഐഎസ്ഐയുടെ ഇടപെടലോടെയാണ് നിർമാണമെന്നും റിപ്പോർട്ടുകൾ പറയുന്നു. ജെയ്ഷെ സമുച്ചയത്തിന്റെ പുനർനിർമാണത്തിനായി ഏകദേശം 25 കോടി രൂപ ഗഡുക്കളായി പാ് സർക്കാർ നൽകിയെന്നാണ് രഹസ്യാന്വേഷണ വൃത്തങ്ങളുടെ അവകാശവാദം.
ഇതിൽ ഏകദേശം 11 കോടി രൂപ മാർക്കസ് സുബ്ഹാനല്ലാഹിലെ പ്രധാന ഹാൾ പുനർനിർമിക്കുന്നതിനായി ചെലവഴിച്ചതായാണ് റിപ്പോർട്ട്. പ്രധാന ഹാളിലെ ചുവരുകൾ പുതുതായി പ്ലാസ്റ്റർ ചെയ്ത് പെയിന്റ് ചെയ്തിട്ടുണ്ട്. പുതിയ മാർബിൾ നിലം സ്ഥാപിക്കുകയും കെട്ടിടവും പരിസരവും പൂർണമായി വൃത്തിയാക്കുകയും ചെയ്തതായും റിപ്പോർട്ടിൽ പറയുന്നു. സമുച്ചയം വീണ്ടും പതിവ് പ്രവർത്തനങ്ങൾക്കായി സജ്ജമാക്കുകയാണെന്നാണ് രഹസ്യാന്വേഷണ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്.
അതേസമയം 2026ന്റെ തുടക്കത്തിലാണ് പുനർനിർമാണ പ്രവർത്തനങ്ങൾ വ്യക്തമായി ശ്രദ്ധയിൽപ്പെട്ടതെന്നാണ് വിവരം. ഭാരമേറിയ നിർമാണ യന്ത്രങ്ങൾ, ഇഷ്ടിക, സ്റ്റീൽ ഉൾപ്പെടെയുള്ള നിർമാണ സാമഗ്രികൾ ഇവിടെ എത്തിച്ചതായി റിപ്പോർട്ടുണ്ട്. 2026ന്റെ മധ്യത്തോടെ നിർമാണ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാവുകയും പിന്നീട് സമുച്ചയം വീണ്ടും പൂർണമായും പ്രവർത്തനക്ഷമമായ രൂപത്തിലേക്ക് മാറുകയും ചെയ്തതായാണ് അവകാശവാദം.
എൻ-5 ദേശീയപാതയ്ക്ക് തൊട്ടുപിന്നിലായാണ് ബഹാവൽപൂരിലെ ഈ ജെയ്ഷെ സമുച്ചയം സ്ഥിതി ചെയ്യുന്നത്. മദ്രസ, റിക്രൂട്ട്മെന്റ് കേന്ദ്രം, ഭീകരപ്രവർത്തനങ്ങളുടെ ആസൂത്രണ കേന്ദ്രം തുടങ്ങി വിവിധ ആവശ്യങ്ങൾക്കായി ഈ കേന്ദ്രം ഉപയോഗിച്ചിരുന്നുവെന്നാണ് നേരത്തെയുള്ള റിപ്പോർട്ടുകൾ പറയുന്നത്. പാക്കിസ്ഥാൻ സൈന്യത്തിന്റെ 31 കോർസ് കാന്റൺമെന്റിന് സമീപമാണ് സമുച്ചയം സ്ഥിതി ചെയ്യുന്നതെന്നും നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ജെയ്ഷെ-ഇ-മുഹമ്മദിന് പാക് സുരക്ഷാ സംവിധാനത്തിലെ ചില വിഭാഗങ്ങളിൽനിന്ന് ലഭിക്കുന്നതായി ആരോപിക്കപ്പെടുന്ന സംരക്ഷണത്തിന്റെയും പിന്തുണയുടെയും സൂചനയായാണ് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ ഈ ഭൂമിശാസ്ത്രപരമായ സാമീപ്യത്തെ വിലയിരുത്തിയിരുന്നത്.
2025 മേയ് 7ന് പുലർച്ചെയായിരുന്നു പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത്. ജെയ്ഷെ-ഇ- മുഹമ്മദ്, ലഷ്കർ-ഇ-തൊയ്ബ തുടങ്ങിയ ഭീകരസംഘടനകളുടെ അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിട്ട് ഒൻപത് കൃത്യമായ ആക്രമണങ്ങൾ നടത്തിയെന്നാണ് ഇന്ത്യ നേരത്തെ വ്യക്തമാക്കിയിരുന്നത്. പുലർച്ചെ 12.37നും 1 മണിക്കും ഇടയിലായിരുന്നു പ്രധാന ആക്രമണങ്ങളെന്നും ആകെ ഏകദേശം 25 മിനിറ്റോളം ഓപ്പറേഷൻ നീണ്ടുനിന്നുവെന്നുമാണ് ഔദ്യോഗികവും രഹസ്യാന്വേഷണ ബന്ധമുള്ളതുമായ വിവരങ്ങൾ വ്യക്തമാക്കുന്നത്.
ബഹാവൽപൂരിലെ ജെയ്ഷെ ആസ്ഥാനം ഓപ്പറേഷൻ സിന്ദൂരിലെ പ്രധാന ലക്ഷ്യങ്ങളിലൊന്നായിരുന്നു. ആക്രമണത്തിൽ തന്റെ കുടുംബത്തിലെ ഏകദേശം പത്ത് പേർ കൊല്ലപ്പെട്ടതായി ജെയ്ഷെ-ഇ-മുഹമ്മദ് തലവൻ മസൂദ് അസ്ഹർ വ്യക്തമാക്കിയിരുന്നു.
ഇപ്പോൾ പുറത്തുവരുന്ന രഹസ്യാന്വേഷണ വിവരങ്ങൾ പ്രകാരം, ആക്രമണത്തിന് പിന്നാലെ തന്നെ ഏകദേശം 25 കോടി രൂപയുടെ പുനർനിർമാണ പാക്കേജ് അനുവദിച്ചെന്നാണ് റിപ്പോർട്ട്. ജെയ്ഷിന്റെ ബഹാവൽപൂർ കേന്ദ്രം വീണ്ടും പ്രവർത്തനക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു പണം അനുവദിച്ചതെന്നാണ് രഹസ്യാന്വേഷണ വൃത്തങ്ങളുടെ ആരോപണം.
അതേസമയം ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ ഈ അതിവേഗ പുനർനിർമാണത്തെ ഗൗരവത്തോടെയാണ് കാണുന്നത്. ഓപ്പറേഷൻ സിന്ദൂരിലൂടെ തകർത്തതായി കരുതിയ ഭീകര അടിസ്ഥാന സൗകര്യം സ്ഥിരമായി ഇല്ലാതായിട്ടില്ലെന്നും പകരം വീണ്ടും ഉയിർത്തെഴുന്നേൽക്കുകയാണെന്നുമുള്ള സൂചനയായാണ് പുനർനിർമാണത്തെ വിലയിരുത്തുന്നത്.
അതുപോലെ ഐഎസ്ഐയിലെയും പാക്കിസ്ഥാൻ സൈന്യത്തിലെയും ചില വിഭാഗങ്ങൾ ജെയ്ഷെയുടെ പുതിയ തലമുറ കമാൻഡർമാരുടെ ഉയർച്ചയ്ക്ക് പിന്തുണ നൽകുന്നതായും മുമ്പ് ഇന്ത്യ ലക്ഷ്യമിട്ട കേന്ദ്രങ്ങളിൽ റിക്രൂട്ട്മെന്റും പരിശീലന പ്രവർത്തനങ്ങളും പുനരാരംഭിക്കുന്നതായും രഹസ്യാന്വേഷണ വൃത്തങ്ങൾ ആരോപിക്കുന്നു. അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിൽനിന്ന് കെട്ടിടങ്ങളും ഹാളുകളും താഴികക്കുടങ്ങളും പുനഃസ്ഥാപിക്കുന്നതിലേക്കുള്ള അതിവേഗ നീക്കം, ഭീകരസംഘടനയ്ക്ക് തുടർച്ചയായ സ്ഥാപനതല പിന്തുണ ലഭിക്കുന്നതിന്റെ സൂചനയായാണ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാണിക്കുന്നത്. അതേസമയം, പാക്കിസ്ഥാൻ സർക്കാർ, ഐഎസ്ഐ, പാക് സൈന്യം എന്നിവയുടെ ഭാഗത്തുനിന്നു ഇക്കാര്യത്തിൽ സ്വതന്ത്രമായ സ്ഥിരീകരണം ലഭിച്ചിട്ടില്ല.






