ഇടുക്കി: പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി കുമാരമംഗലം പോക്സോ കേസിലെ രണ്ടാം പ്രതിയും കോട്ടയം കുറിഞ്ഞി സ്വദേശിയുമായ തങ്കച്ചൻ (65) ആണ് മരിച്ചത്. തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
കേസിൽ ഈയാഴ്ച അന്തിമവിധി പറയാനിരിക്കെയാണ് സംഭവം. തങ്കച്ചൻ കോടതിയിൽ ഹാജരാകാതിരുന്നതിനെ തുടർന്ന് വിധി പറയുന്നത് മാറ്റിവെച്ചിരുന്നു.
2017ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവിധ സ്ഥലങ്ങളിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് തങ്കച്ചനെതിരായ കേസ്. സംഭവത്തിൽ തങ്കച്ചൻ രണ്ടാം പ്രതിയായിരുന്നു.
കോടതി നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് തങ്കച്ചനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.






