വാഷിങ്ടൺ: ഇറാന്റെ നിയന്ത്രണത്തിലുള്ള തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് പുതിയ അമേരിക്കൻ പ്രദേശമായി ചിത്രീകരിച്ച മാപ്പ് പങ്കുവെച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യുദ്ധം ആരംഭിച്ചതിന് പിന്നാലെ കടലിടുക്കിന്റെ നിയന്ത്രണം ഇറാനിൽ നിന്ന് അമേരിക്കയിലേക്ക് മാറിയെന്ന അവകാശവാദമാണ് ട്രംപ് ഉന്നയിച്ചത്. കൂടാതെ കടലിടുക്കിൽ ഇറാൻ സ്ഥാപിച്ചിരുന്ന എല്ലാ കടൽ മൈനുകളും നീക്കം ചെയ്യുകയോ പൊട്ടിത്തെറിപ്പിക്കുകയോ ചെയ്തതായും ട്രംപ് അവകാശപ്പെട്ടു.
“ഇറാനുമായി യാതൊരു ചർച്ചകളും നടക്കുന്നില്ല, ചർച്ചകൾക്ക് തീരുമാനിച്ചിട്ടുമില്ല. നാവിക ഉപരോധം പൂർണ ശക്തിയിൽ തുടരുകയാണ്,” ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ പോസ്റ്റിൽ പറഞ്ഞു. “ഹോർമുസ് കടലിടുക്ക് തുറന്നും പ്രവർത്തനക്ഷമമായും തുടരുന്നു. എല്ലാ കടൽ മൈനുകളും നീക്കം ചെയ്യുകയോ പൊട്ടിത്തെറിപ്പിക്കുകയോ ചെയ്തു,” എന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം യുദ്ധം ആരംഭിച്ചിട്ട് ആറുമാസം പിന്നിടുമ്പോൾ ഹോർമുസിന്റെ നിയന്ത്രണത്തിൽ മേൽക്കൈ നേടിയെന്ന ട്രംപിന്റെ അവകാശവാദങ്ങൾ നേരത്തെയും പുറത്തുവന്നിരുന്നു. എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ ട്രംപിന്റെ വാദത്തിന് കൂടുതൽ തെളിവുകൾ ലഭിക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സമുദ്രഗതാഗത വിവരങ്ങൾ പ്രകാരം കടലിടുക്കിലെ ഇറാന്റെ നിയന്ത്രണം ക്രമേണ ദുർബലമാകുകയാണെന്ന് CNN റിപ്പോർട്ട് ചെയ്തു.
സമാധാനകാലത്ത് ലോകത്തിലെ ക്രൂഡ് ഓയിലും പ്രകൃതിവാതകവും ഉൾപ്പെടെയുള്ള ഊർജ കയറ്റുമതിയുടെ ഏകദേശം അഞ്ചിലൊന്ന് കടന്നുപോകുന്ന പ്രധാന സമുദ്രപാതയാണ് ഹോർമുസ്. അതേസമയം, അമേരിക്കൻ നാവികസേന ഈ മേഖലയിൽ ഉപരോധം ശക്തമായി തുടരുകയാണ്. കപ്പൽ ഗതാഗത നിരീക്ഷണ പ്ലാറ്റ്‌ഫോമായ മറൈൻ ട്രാഫിക്കിന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ ആഴ്ച കുറഞ്ഞത് 95 കപ്പലുകൾ ഹോർമുസിലൂടെ കടന്നുപോയി. അതിന് മുൻപുള്ള ആഴ്ചയിൽ 118 കപ്പലുകളാണ് കടന്നുപോയത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ കടലിടുക്ക് കടന്ന ഭൂരിഭാഗം കപ്പലുകളും, ഏകദേശം 80 ശതമാനം, ഒമാൻ ഭാഗത്തുകൂടിയുള്ള പാതയാണ് ഉപയോഗിച്ചത്.
അതേസമയം ഐക്യരാഷ്ട്രസഭ അംഗീകരിച്ച ഈ ഒമാൻ റൂട്ട് ഇറാൻ ശക്തമായി എതിർക്കുന്നതാണ്. ഇതിനിടെ ഇറാന്റെ നിയന്ത്രണത്തിലുള്ള പ്രധാന പാത ഒഴിവാക്കി ഒമാൻ തീരത്തിന് സമീപത്തുകൂടി സഞ്ചരിക്കുന്ന കപ്പലുകൾക്ക് നേരെ ഇറാൻ ആക്രമണം നടത്തിയതായും റിപ്പോർട്ടുകളുണ്ട്. എന്നിരുന്നാലും അമേരിക്കൻ സംരക്ഷണം ലഭിക്കുമെന്ന ഉറപ്പിൽ കൂടുതൽ കപ്പലുകൾ ഇറാന്റെ നിർദേശങ്ങൾ അവഗണിച്ച് ഈ പാതയിലൂടെ സഞ്ചരിക്കുകയാണ്.
ഇതോടെ ഹോർമുസിന്റെ നിയന്ത്രണം ഇറാന് ഭാഗികമായെങ്കിലും നഷ്ടപ്പെട്ടതായി തോന്നുന്നുവെന്ന് Kpler-ലെ ക്രൂഡ് ഓയിൽ അനലിസ്റ്റ് ഹോമയൂൺ ഫലക്ഷാഹി പ്രതികരിച്ചതായി CNN റിപ്പോർട്ട് ചെയ്തു. ഒരു മാസം മുൻപത്തെ സ്ഥിതിയുമായി താരതമ്യം ചെയ്യുമ്പോൾ ഇപ്പോഴത്തെ കപ്പൽ ഗതാഗതത്തിൽ വലിയ മാറ്റമാണുണ്ടായിരിക്കുന്നത്. അന്ന് ഒമാൻ റൂട്ടിലൂടെ ഏതാണ്ട് കപ്പൽ ഗതാഗതം ഉണ്ടായിരുന്നില്ലെന്നാണ് Kpler-ന്റെ കണക്ക്. എന്നാൽ അമേരിക്കയും ഇറാനും തമ്മിലുള്ള ധാരണാപത്രം ഈ ആഴ്ച അവസാനിച്ചതോടെ കപ്പലുകൾക്ക് പുതിയ റൂട്ട് ഉപയോഗിക്കാൻ കൂടുതൽ അവസരം ലഭിച്ചു.
ഇറാന്റെ പ്രധാന വരുമാന മാർഗങ്ങളിലൊന്നായ കപ്പൽ ഗതാഗത ടോൾ പിരിവിനും ഇതോടെ തിരിച്ചടിയുണ്ടായി. ഇറാൻ നിർദേശിച്ച പാത ഒഴിവാക്കി ഒമാൻ റൂട്ട് ഉപയോഗിക്കുന്നതിനാൽ കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകളിൽ നിന്ന് ട്രാൻസിറ്റ് ഫീസ് ഈടാക്കാനുള്ള അവസരം ടെഹ്റാന് നഷ്ടപ്പെടുകയാണ്. അതേസമയം, സൗദി അറേബ്യ, കുവൈത്ത്, യുഎഇ തുടങ്ങിയ ഗൾഫ് രാജ്യങ്ങളും വലിയ എണ്ണക്കപ്പലുകളെ ഹോർമുസിലൂടെ കടത്തിവിടാൻ ഉപയോഗിക്കുന്നതായി റിപ്പോർട്ടുണ്ട്. VLCCകൾ വഴി ഗൾഫ് എണ്ണ ഹോർമുസ് കടന്ന് ഒമാൻ ഉൾക്കടലിലെ സുരക്ഷിത മേഖലയിലേക്ക് എത്തിച്ചശേഷം അവിടെനിന്ന് ഉപഭോക്താക്കളുടെ കപ്പലുകളിലേക്ക് മാറ്റുന്നതാണ് രീതി.
ഇറാന്റെ ആക്രമണങ്ങൾ ഒഴിവാക്കുന്നതിനായി ഇത്തരം കപ്പലുകൾ പലപ്പോഴും ആഴ്ചകളോളം ട്രാൻസ്‌പോണ്ടറുകൾ ഓഫ് ചെയ്ത നിലയിൽ സഞ്ചരിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. ഇത്തരത്തിലുള്ള ‘ഡാർക്ക് ഷിപ്പിംഗ്’ സാധാരണ കപ്പൽ ട്രാക്കിങ് സംവിധാനങ്ങളിൽ പോലും പലപ്പോഴും കണ്ടെത്താനാകാത്തതിനാൽ ഹോർമുസിലൂടെയുള്ള യഥാർഥ ഗതാഗതത്തിന്റെ കണക്ക് ഔദ്യോഗിക കണക്കുകളേക്കാൾ കൂടുതലായിരിക്കാമെന്നും വിലയിരുത്തലുണ്ട്. ഹോർമുസിലൂടെ കടന്നുപോകുന്ന കപ്പലുകളെ നിരീക്ഷിക്കുന്ന അമേരിക്കയുടെ കണക്കുകൾ പരമ്പരാഗത കണക്കുകളേക്കാൾ ഉയർന്ന എണ്ണ ഗതാഗതമാണ് സൂചിപ്പിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
കഴിഞ്ഞ ആഴ്ച യുഎസ് എനർജി സെക്രട്ടറി ക്രിസ് റൈറ്റ് പുറത്തുവിട്ട കണക്കുപ്രകാരം, ഹോർമുസ് കടലിടുക്കിലൂടെയും അതിന് ചുറ്റുമുള്ള ബദൽ റൂട്ടുകളിലൂടെയും ചേർന്ന് പ്രതിദിനം ഏകദേശം 1.5 കോടി ബാരൽ എണ്ണയാണ് ഒരാഴ്ചയ്ക്കിടെ കടന്നുപോയത്. യുദ്ധത്തിന് മുമ്പുണ്ടായിരുന്ന പ്രതിദിനം ഏകദേശം 2 കോടി ബാരൽ എന്ന ശരാശരിയോട് ഇത് അടുത്തുനിൽക്കുന്നതാണ്. ഇതോടെ ഹോർമുസ് കടലിടുക്കിൽ ഇറാന്റെ നിയന്ത്രണം പേരിൽ മാത്രമായി ചുരുങ്ങുകയാണോ എന്ന ചർച്ചയും ശക്തമാകുകയാണ്.