ഫുട്‌ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച ലെഫ്റ്റ് ബാക്കുകളിൽ ഒരാളായ റോബർട്ടോ കാർലോസ് വീണ്ടും വാർത്തകളിൽ നിറയുന്നു. മുൻപ് ബ്രസീലിന്റെ നട്ടെല്ലായിരുന്ന റോബർട്ടോ 1997-ൽ ഫ്രാൻസിനെതിരായ സൗഹൃദ മത്സരത്തിൽ നേടിയ ഫ്രീ കിക്ക് ഫുട്‌ബോൾ ആരാധകർ മറന്നിട്ടുണ്ടാകില്ല. എന്നാൽ ഇത്തവണ ഇടംപിടിച്ചിരിക്കുന്നത് താരത്തിന്റെ സ്വകാര്യജീവിതമാണ്. താരം വീണ്ടും വിവാഹിതനായി എന്നതാണ് പുതിയതായി പുറത്തുവന്ന വാർത്ത.
53-കാരനായ താരം പത്ത് വർഷം മുമ്പ് നടത്തിയ വെളിപ്പെടുത്തലിൽ തനിക്ക് ഏഴ് സ്ത്രീകളുമായുള്ള ബന്ധത്തിൽ 11 കുട്ടികളുണ്ടെന്ന് അദ്ദേഹം തുറന്നുപറഞ്ഞു. ഇത് പിന്നീട് വലിയ രീതിയിൽ ചർച്ചയായി. ‘ഞാൻ മരിയാനയോടൊപ്പമാണ് ഇപ്പോൾ താമസിക്കുന്നത്. കൂടാതെ മറ്റ് പലയിടങ്ങളിലായി എനിക്ക് വേറേയും മക്കളുണ്ട്. മെക്‌സിക്കോയും ബ്രസീലിലും ഹംഗറിയിലുമാണ് മക്കൾ താമസിക്കുന്നത്.’-അഭിമുഖത്തിൽ കാർലോസ് പറഞ്ഞു. തൊട്ടടുത്ത വർഷം അദ്ദേഹം മുത്തച്ഛനാകുകയും ചെയ്തിരുന്നു. മകൾ ജിയോവാന ഒരു ആൺകുഞ്ഞിന് ജന്മം നൽകിയതോടെയാണിത്.
ഇതിനെല്ലാം ശേഷം കാർലോസ് വീണ്ടും വിവാഹം ചെയ്തുവെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഔദ്യോഗിമായി ബ്രസീലിൽ താരത്തിന്റെ മൂന്നാം വിവാഹമായാണ് ഇത് കണക്കാക്കുന്നത്. ഫിറ ലൈസൻസുള്ള മൊറോക്കോയിൽ നിന്നുള്ള ഫുട്‌ബോൾ ഏജന്റ് സുഹൈല അൽ താഹിരിയാണ് പുതിയ ഭാര്യയെന്നും റിപ്പോർട്ടുകളിൽ പറയുന്നു. കഴിഞ്ഞ ദിവസം ഇരുവരുടേയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.
എന്നാൽ ഇരുവരും കഴിഞ്ഞ ജനുവരിയിൽ തന്നെ വിവാഹിതരായിട്ടുണ്ടെന്നും ഇപ്പോൾ പ്രചരിക്കുന്നത് കഴിഞ്ഞ മാസം പങ്കെടുത്ത ഒരു സ്വകാര്യ ചടങ്ങിൽ നിന്നുള്ള ചിത്രങ്ങളാണെന്നും റിപ്പോർട്ടിലുണ്ട്. അടുത്ത ബന്ധുക്കൾക്കായി ഇരുവരും നടത്തിയ വിവാഹ സത്കാരമാണെന്നും അതല്ല സുഹൈലയുടെ മൊറോക്കൻ പാരമ്പര്യപ്രകാരം വീണ്ടും വിവാഹിതരായതാണെന്നും റിപ്പോർട്ടിൽ പറയുന്നു. സ്പാനിഷ് ക്ലബ്ബ് റയൽ മാഡ്രിഡിന്റെ മുൻ താരമായ കാർലോസും ഫുട്‌ബോൾ മാനേജ്‌മെന്റ് മേഖയലിൽ പ്രവർത്തിക്കുന്ന സുഹൈലും മൂന്ന് വർഷമായി പ്രണയത്തിലായിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ പറയുന്നത്.
അതേസമയം അലക്‌സാണ്ട്ര പിൻഹെയ്‌റോയാണ് കാർലോസിന്റെ ആദ്യ ഭാര്യ. ഇരുവർക്കും റോബർട്ട, ജിയോവാന, റോബർട്ടോ കാർലോസ് ജൂനിയർ എന്നിങ്ങനെ മൂന്ന് മക്കളുണ്ട്. 2003-ലാണ് അലക്‌സാണ്ട്രയുമായി താരം പിരിയുന്നത്. പിന്നീട് 2009 ജൂണിൽ ഫിസിയോതെറാപിസ്റ്റായ മരിയാന ലുക്കോണിനെ വിവാഹം ചെയ്തു. ഈ ബന്ധം 15 വർഷത്തോളം നീണ്ടു നിന്നു. രണ്ട് വർഷം മുമ്പ് വേർപിരിഞ്ഞ ഇരുവർക്കും രണ്ട് പെൺമക്കളുണ്ട്. മാന്യുവേലയും മരിയാനയും. അതിനുശേഷം കാർലോസിന്റെ ഔദ്യോഗികമായ മൂന്നാം വിവാഹമാണ് ഇപ്പോൾ നടന്നത്.






