പാലക്കാട്: സ്വാതന്ത്ര്യദിന പോസ്റ്ററിൽ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ അവഹേളിച്ചുവെന്നാരോപിച്ച് ജനം ടിവി ചാനലിനെതിരെ ഡിജിപിക്ക് പരാതി. രാഷ്ട്രപിതാവിനെ അപമാനിച്ചുവെന്ന് കാണിച്ച് കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറി കണ്ണൻ നമ്പ്യാരാണ് പരാതി നൽകിയത്. ജനം ടിവി പുറത്തിറക്കിയ പോസ്റ്ററിൽ മഹാത്മാ ഗാന്ധിയുടെ ചിത്രം ഏറ്റവും പിന്നിലായായി ഒരു കോണിലായിയാണ് നൽകിയിരിക്കുന്നത്.
പോസ്റ്ററിൽ വി.ഡി സവർക്കറുടെ ഫോട്ടോയാണ് ഏറ്റവും മുന്നിൽ നൽകിയിരിക്കുന്നത്. ആർഎസ്എസ് സ്ഥാപകൻ ഹെഡ്‌ഗേവാർ, സർദാർ വല്ലഭായ് പട്ടേൽ, നേതാജി സുഭാഷ് ചന്ദ്രബോസ്, ഭഗത് സിങ് തുടങ്ങിയവർക്ക് പിന്നിലായാണ് ഗാന്ധിജിയുടെ ഫോട്ടോയുള്ളത്.
അതുപോലെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ ചിത്രം പോസ്റ്ററിൽ പോലും സ്ഥാനം പിടിച്ചിട്ടില്ല. മറാഠ ഭരണാധികാരിയായിരുന്ന ശിവജിയുടെ ഫോട്ടോ ചെങ്കോട്ടയ്ക്ക് മുകളിലായി പോസ്റ്ററിൽ നൽകിയിട്ടുണ്ട്.





