കോഴിക്കോട്: 10 വയസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ പോക്സോ കേസിൽ പ്രതിയായി നാലര വർഷം സമൂഹത്തിനു മുൻപിൽ കുറ്റവാളിയായി ജീവിക്കേണ്ടി വന്ന ഗൃഹനാഥനെ കൊയിലാണ്ടി പോക്സോ കോടതി കുറ്റ വിമുക്തനാക്കി. പെൺകുട്ടി പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്ന വൈദ്യപരിശോധന ഫലമാണ് പ്രതിയായി മുദ്രകുത്തപ്പെട്ട ബാലുശ്ശേരി പൂനത്ത് ഈക്കകുന്നുമ്മൽ മമ്മദിന് തുണയായത്.
2022 മാർച്ചിലാണ് മമ്മദിനെ പത്തു വയസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ ബാലുശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് 83 ദിവസം റിമാൻഡിൽ കഴിയേണ്ടി വന്നു. പിന്നീട് ജാമ്യം കിട്ടിയെങ്കിലും സ്വന്തം വീട്ടിൽ പോകാനായില്ല. വൈദ്യപരിശോധനയിൽ ലൈംഗിക പീഡനം നടന്നുവെന്നു കണ്ടെത്താനാവാത്തതിനെ തുടർന്നാണ് കോടതി മമ്മദിനെ വെറുതെ വിട്ടത്.
അതേസമയം മുത്തശ്ശി എഴുതി നൽകിയ പരാതിയിൽ ഒപ്പിടുക മാത്രമാണ് ചെയ്തതെന്ന് പെൺകുട്ടി കോടതിയിൽ പറഞ്ഞിരുന്നു. ഫൊറൻസിക് പരിശോധനാ റിപ്പോർട്ടും നിർണായകമായി. ലീഗൽ സർവീസ് അതോറിറ്റിയിലെ അഭിഭാഷകനായ കെ.പി.പ്രബീഷ് കുമാറാണ് ഇ.കെ. മമ്മദിനു വേണ്ടി കോടതിയിൽ ഹാജരായത്.




