ഫ്‌ലോറിഡ: സിനിമ കാണുന്നതിനിടെ ചിരിച്ചതിന് 24കാരിയായ യുവതിയെ പിസ്സ ട്രേകൊണ്ട് അടിച്ചു. ഫ്‌ലോറിഡയിലെ കോക്കനട്ട് ഗ്രോവിലുള്ള ‘സിനിപോളിസ് ലക്ഷ്വറി സിനിമാസി’ൽ സുഹൃത്തുക്കൾക്കൊപ്പം സിനിമ കാണാനെത്തിയതായിരുന്നു യുവതി.സിനിമയിലെ ഒരു രംഗം കണ്ട് കൂട്ടുകാർക്കൊപ്പം ഉറക്കെ ചിരിച്ചതാണ് തൊട്ടുമുമ്പത്തെ നിരയിൽ ഇരുന്ന ഒരാളെ പ്രകോപിപ്പിച്ചത്. ‘സിനിമയിൽ രസകരമായ രംഗം കണ്ടപ്പോൾ ഞങ്ങൾ ചിരിച്ചു.
പെട്ടെന്ന് മുന്നിലിരുന്നയാൾ തിരിഞ്ഞുനോക്കി മോശമായ രീതിയിൽ സംസാരിക്കുകയും ദേഷ്യപ്പെടുകയും ചെയ്തു. തുടർന്ന് പ്രകോപിതനായ അയാൾ ഞങ്ങളുടെ അടുത്തേക്ക് വന്ന് കയ്യിലുണ്ടായിരുന്ന പിസ്സ ട്രേ എടുത്ത് എന്റെ മുഖത്തേക്ക് അടിക്കുകയായിരുന്നു. ആക്രമണത്തിൽ യുവതിയുടെ ഒരു വിരൽ ഒടിയുകയും കണ്ണിനും കവിളിനും പരിക്കേൽക്കുകയും ചെയ്തു.
മുഖത്തടിച്ച ശേഷം പിസ്സ വലിച്ചെറിഞ്ഞ അയാൾ, തിരികെ സീറ്റിലിരുന്ന് സിനിമ കാണുന്നത് തുടർന്നു എന്നും യുവതി പറയുന്നു. സംഭവത്തിന് ശേഷം തിയേറ്റർ ജീവനക്കാരെയും പൊലീസിനെയും വിവരം അറിയിച്ചെങ്കിലും പൊലീസെത്തുന്നതിന് മുൻപ് തന്നെ ഇയാൾ കടന്നുകളഞ്ഞിരുന്നു. പരിക്കേറ്റ യുവതിയുടെ പരാതിയിൽ മിയാമി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
















































