തിരുവനന്തപുരം: ശ്രീകാര്യം പാങ്ങപ്പാറയിൽ പ്ലസ് വൺ വിദ്യാർഥി അഭിരാമിനെ കൊലപ്പെടുത്തി ചാക്കിൽകെട്ടി തള്ളിയ കേസിൽ അന്വേഷണം ചില സ്വകാര്യ വാഡിയോകളിലേക്ക് നീങ്ങുന്നാതായി റിപ്പോർട്ട്. പ്രണയപ്പക എന്നതിലപ്പുറം കൊലയിലേക്കു നയിക്കാൻ പാകത്തിൽ ശക്തമായ കാരണങ്ങൾ ഉണ്ടോയെന്നാണു പോലീസ് പരിശോധിക്കുന്നത്. ഇതിനിടെയാണു ചില സ്വകാര്യ വീഡിയോ ദൃശ്യങ്ങൾ ചോർന്നതുമായി ബന്ധപ്പെട്ട തർക്കങ്ങളും കൊലയ്ക്കു പിന്നിലുണ്ടെന്ന സൂചനയാണു പോലീസിനു ലഭിച്ചിരിക്കുന്നത്.
നേരത്തെ പിടയിലായവരുടെ വാട്സാപ്പ് ചാറ്റുകളും ഫോണിലെ ഫോൾഡറുകളും പരിശോധിച്ചതിൽനിന്നാണ് പോലീസിന് ഇതു സംബന്ധിച്ച വിവരങ്ങൾ ലഭിച്ചത്. കൊല്ലപ്പെട്ട അഭിരാമിന്റെ സുഹൃത്തിനെ പ്രതികൾ വിളിച്ചുവരുത്താൻ ശ്രമിച്ചത് ഇതേക്കുറിച്ച് സംസാരിക്കാനാണെന്നും പോലീസ് കരുതുന്നു. എന്നാൽ സുഹൃത്ത് വരാൻ കൂട്ടാക്കാതിരുന്നതോടെയാണ് അഭിരാമിനെ ഉപയോഗിച്ചു വിളിച്ചുവരുത്താനുള്ള നീക്കം നടത്തിയത്. അതും പാളിയതോടെയാണ് അഭിറാമിനെ ഇല്ലാതാക്കിയത്.
അതേസമയം ഒന്നാം പ്രതിയായ പതിനേഴുകാരൻ മൂന്നാം പ്രതിയും സുഹൃത്തുമായ ആനന്ദയോട് അഭിരാമിന്റെ സുഹൃത്തിനെ ആക്രമിക്കാൻ പോകുന്നുവെന്ന കാര്യം രണ്ടാഴ്ച മുൻപ് തന്നെ പങ്കുവച്ചിരുന്നുവെന്നുമ പോലീസ് കണ്ടെത്തി. ആനന്ദയുടെ ഫോണിലേക്ക് ഒന്നാം പ്രതി ഒരു മഴുവിന്റെ ചിത്രം അയച്ചുകൊടുക്കുകയും ആക്രമിക്കുമെന്നു പറയുകയും ചെയ്തിരുന്നു. കൃത്യമായ ആസൂത്രണത്തോടെയാണ് പ്രതികൾ കെണിയൊരുക്കിയത്. മാത്രമല്ല അഭിരാമിന്റേ ഫോണിലെ ചില ചാറ്റുകളും നീക്കം ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. ഇതോടെ അഭിറാമിന്റെ അക്കൗണ്ടു വിവരങ്ങൾ ആർക്കോ കൈമാറിയിട്ടുണ്ട് എന്ന സംശയത്തിലാണ് പോലീസുള്ളത്.
കൂടാതെ പോലീസിനെ വട്ടംചുറ്റിക്കുന്ന തരത്തിലുള്ള മൊഴികളാണ് പ്രതികൾ നൽകിയത്. യാതൊരു കുറ്റബോധവുമില്ലാതെയാണ് പ്രതികളുടെ പെരുമാറ്റം. നിലവിൽ ഒന്നാം പ്രതിയെ പൂജപ്പുര ഒബ്സർവേഷൻ ഹോമിലാണ് പാർപ്പിച്ചിരിക്കുന്നത്. അഭിരാമിന്റെ ഫോൺ തോട്ടിലേക്കു വലിച്ചെറിഞ്ഞുവെന്ന പ്രതികളുടെ മൊഴി പോലീസ് മുഖവിലയ്ക്കെടുത്തിട്ടില്ല. സ്കൂബ ടീം ഉൾപ്പെടെ എത്തി പരിശോധന നടത്തിയെങ്കിലും ഫോൺ കിട്ടിയില്ല. മൃതദേഹം കണ്ടെത്തിയ കാടുപിടിച്ച പ്രദേശത്ത് ഇന്നലെ വിശദമായ പരിശോധന നടത്തിയിരുന്നു. ഇതോടെ അന്വേഷണത്തെ വഴിതിരിച്ചു വിടാനാണ് പ്രതികൾ ശ്രമിക്കുന്നതെന്ന സംശയത്തിലാണ് പോലീസ്.