തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടിട്ടും തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുടെ ഭാഗമായി മറ്റ് ജില്ലകളിലേക്ക് സ്ഥലംമാറ്റം ലഭിച്ച പൊലീസ് ഉദ്യോഗസ്ഥർക്ക് തിരിച്ചുപോസ്റ്റിങ് ലഭിക്കാത്തതിൽ പ്രതിഷേധം ശക്തമാകുന്നു. തങ്ങളുടെ ദുരവസ്ഥ തുറന്നുകാട്ടുന്ന പാരഡി ഗാനമാണ് ഇപ്പോൾ പൊലീസ് വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിൽ വ്യാപകമായി പ്രചരിക്കുന്നത്.
മൂന്ന് വർഷത്തിലേറെയായി ഒരേ ജില്ലയിൽ ജോലി ചെയ്ത ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുടെ ഭാഗമായി മറ്റ് ജില്ലകളിലേക്ക് മാറ്റിയിരുന്നു. സാധാരണയായി തെരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയായാൽ ഇവരെ പഴയ ജില്ലകളിലേക്ക് തിരിച്ചുപോസ്റ്റ് ചെയ്യുന്നതാണ് പതിവ്. എന്നാൽ ഇത്തവണ മാസങ്ങൾ പിന്നിട്ടിട്ടും അതുസംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങിയിട്ടില്ലെന്നാണ് ഉദ്യോഗസ്ഥരുടെ പരാതി.
“വയസാകുന്നു പൊന്നേമാനേ… ട്രാൻസ്ഫർ ഓർഡർ തരണേ” എന്ന വരികളോടെയാണ് ഗാനം ആരംഭിക്കുന്നത്. ആരാണ് ഈ പാട്ട് തയ്യാറാക്കിയതെന്ന് വ്യക്തമല്ലെങ്കിലും, സേനയ്ക്കുള്ളിലെ അതൃപ്തിയും ഉദ്യോഗസ്ഥർ നേരിടുന്ന വ്യക്തിപരമായ ബുദ്ധിമുട്ടുകളും ഹാസ്യരൂപത്തിൽ അവതരിപ്പിച്ചിരിക്കുന്നതിനാൽ ഗാനം സമൂഹമാധ്യമങ്ങളിലും പൊലീസ് ഗ്രൂപ്പുകളിലും വൈറലായിരിക്കുകയാണ്.
“കരുണാമയനേ, ഓർഡർ തരണേ… അടിയനൊരടി ഇനി വയ്യാ… ട്രാൻസ്ഫർ ഓർഡർ തരണേ…” എന്ന വരികളിലൂടെ തിരിച്ചുപോസ്റ്റിങ്ങിനായുള്ള കാത്തിരിപ്പാണ് ഗാനത്തിന്റെ പ്രമേയം. “മക്കൾക്ക് അഡ്മിഷൻ എടുക്കണ്ടേ സാർ, അമ്മയ്ക്ക് അരികിൽ പോകണ്ടേ സാർ, ഭാര്യ സുഖമെന്നറിയണ്ടേ സാർ, ഒരുമിച്ചൊരു പിടി ഉണ്ണണ്ടേ സാർ” എന്നിങ്ങനെ കുടുംബജീവിതത്തിലെ ബുദ്ധിമുട്ടുകളും ഗാനത്തിൽ പരാമർശിക്കുന്നു.
“പത്താം ക്ലാസ് പഠിച്ചിരുന്ന കുട്ടികൾ പ്ലസ് ടുവിലെത്താറായി, മുടിയിൽ നര വീണു” എന്നിങ്ങനെയുള്ള വരികളിലൂടെ വർഷങ്ങളായി നീളുന്ന കാത്തിരിപ്പും ഉദ്യോഗസ്ഥരുടെ മാനസികാവസ്ഥയും പാട്ട് അവതരിപ്പിക്കുന്നു.


















































