കണ്ണൂർ: മട്ടന്നൂർ സർക്കാർ പോളിടെക്നിക് കോളേജിൽ കെജിസിഇ പരീക്ഷയ്ക്കിടെ മൊബൈൽ ഫോൺ ഉപയോഗിച്ച് കോപ്പിയടിച്ച വിദ്യാർഥിക്കെതിരെ പോലീസ് കേസെടുത്തു. ബുധനാഴ്ച നടന്ന പരീക്ഷയ്ക്കിടെയായിരുന്നു സംഭവം.
പരീക്ഷ എഴുതുന്നതിനിടെ വിദ്യാർഥി മൊബൈൽ ഫോണിൽ വിവരങ്ങൾ നോക്കുന്നതായി ഇൻവിജിലേറ്ററുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ മൊബൈൽ ഫോൺ കൈവശം ഉണ്ടായിരുന്നതായി കണ്ടെത്തിയതോടെ പരീക്ഷാ ചട്ടലംഘനം രേഖപ്പെടുത്തി.
ടെക്‌നിക്കൽ എക്സാമിനേഷൻ ജോയിന്റ് കൺട്രോളർ മട്ടന്നൂർ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വിദ്യാർഥിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്.

















































